സഭയുടെ ഭൂമിയിടപാട്: എ.എം.ടി യോഗത്തിന് അനുമതി നിഷേധിച്ചു
കൊച്ചി,വൈക്കം: വിവാദമായ എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എ.എം.ടി)യുടെ യോഗത്തിന് പൊലിസ് അനുമതി നിഷേധിച്ചു. ഇന്നലെ ഉച്ചക്ക് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ നടത്താനിരുന്ന യോഗമാണ് പൊലിസ് തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ വെല്‍ഫെയര്‍ സെന്ററിന് പുറത്ത് യോഗം ചേര്‍ന്നു. യോഗത്തില്‍വച്ച് വൈദികസമിതിയില്‍ സമര്‍പ്പിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇവര്‍ പ്രദര്‍ശിപ്പിച്ചു.
എ.എം.ടിയുടെ യോഗവിവരമറിഞ്ഞ് എതിര്‍വിഭാഗം സ്ഥലത്തെത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. പൊലിസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും യോഗം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എതിര്‍വിഭാഗം ഉറച്ചുനിന്നതോടെ ഇരുവിഭാഗവും തമ്മില്‍വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് പൊലിസ് ഇരുവരെയും അനുനയിപ്പിച്ച് മടക്കി അയക്കുകയായിരുന്നു. ഇതിനു ശേഷമാണ് എ.എം.ടി പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ സെന്ററിനുമുന്‍പില്‍ യോഗം ചേര്‍ന്നത്. വൈദികര്‍ക്കൊ ബിഷപ്പുമാര്‍ക്കോ എതിരല്ല തങ്ങളെന്നും മറിച്ച് കനോനിയന്‍ നിയമങ്ങള്‍ നടപ്പാക്കാത്തതിന് എതിരായാണ് സമരമെന്നും ഇവര്‍ പറഞ്ഞു. ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി സമാനമനസ്‌കരെ കണ്ടെത്തി ഓരോ ഇടവകയിലും യോഗം വിളിച്ചു ചേര്‍ക്കുമെന്നും ഒരു ലക്ഷത്തിലധികം വിശ്വാസികളുടെ ഒപ്പ് ശേഖരണം നടത്തി വത്തിക്കാനിലേക്കും സി.ബി.സി.ഐക്കും അയക്കുമെന്നും ഇവര്‍ പറഞ്ഞു.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് വൈദികസമിതിയുടെ നിര്‍ദേശപ്രകാരം ഇന്നലെ പള്ളികളില്‍ ഇടയലേഖനം വായിക്കാന്‍ തീരുമാനമുണ്ടായെങ്കിലും നടന്നില്ല. സി.ബി.സി.ഐ യോഗത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പുമാര്‍ ബംഗളൂരുവില്‍ പോയതിനാലാണ് ഇടയലേഖനം ഇറക്കാന്‍ സാധിക്കാതിരുന്നതെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."