ചാനിയംകടവില്‍ ബൈക്കും തേങ്ങാക്കൂടയും കത്തിനശിച്ചു
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചാനിയംകടവില്‍ ബൈക്കും തേങ്ങാക്കൂടയും കത്തിനശിച്ചു. സൗമ്യത യു.പി സ്‌കൂളിനു സമീപം ആണ്ടിക്കുനിയില്‍ താമസിക്കും വീറന്തോടി അബ്ദുറഹ്മാന്റെ യമഹ ബൈക്കും തേങ്ങാക്കൂടയുമാണു കത്തിയമര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണു സംഭവം. വീടിനു തൊട്ടുപിന്നിലെ തേങ്ങാക്കൂടയില്‍ നിര്‍ത്തിയ ബൈക്കിനു തീയിട്ട അക്രമികള്‍ കടന്നുകളയുകയായിരുന്നു. ബൈക്കില്‍ നിന്നു തീ തേങ്ങാക്കൂടയിലേക്കു പടര്‍ന്നുപിടിച്ചു.
വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കും കൂടയും പൂര്‍ണമായും കത്തിനശിച്ചിരുന്നു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണു തീയണച്ചത്. നാലായിരത്തിലേറെ തേങ്ങകള്‍ കൂടയിലുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുല്ല ജയിച്ചതു മുതല്‍ ചാനിയംകടവു മേഖലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ വിവിധ തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നതായി പരായി ഉയര്‍ന്നിട്ടുണ്ട്. റഹ്മാന്റെ മകന്‍ ഷമീം യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്.
പാറക്കലിന്റെ വിജയത്തില്‍ കലിപൂണ്ടവരാണ് തീവയ്പ്പിനു പിന്നിലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം, തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."