നാദാപുരത്തെ തോല്‍വി; കോണ്‍ഗ്രസിനെതിരേ ലീഗ് യോഗത്തില്‍ വിമര്‍ശനം
നാദാപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്റെ തോല്‍വിയെ കുറിച്ച് ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനം.
ഇന്നലെ നാദാപുരം ലീഗ് ഹൗസില്‍ നടന്ന മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ അവിചാരിത പരാജയത്തിനിടയാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വോട്ട് മറിക്കലുമാണെന്നാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവഹികളടക്കം അട്ടിമറിയില്‍ പങ്കെടുത്തതായി ബൂത്ത് തലത്തിലെ കണക്കുകള്‍ നിരത്തി അംഗങ്ങള്‍ വാദിച്ചു.
തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹിയും കായക്കൊടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവുമായ കോരംകോട്ട് മൊയ്തു പ്രസിഡന്റായ ആക്കല്‍ മഹല്ലിലെ പള്ളിയില്‍ നിന്നും എ.പി വിഭാഗക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള വെള്ളിയാഴ്ച ഇടതുപക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും പ്രതികരിക്കാന്‍ തയാറാകാത്തത് വിഭാഗീയതയുടെ പേരിലാണെന്നാണ് യോഗത്തില്‍ തുറന്നടിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള ബൂത്തുകളില്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടാണ് പല ബൂത്തിലും ഇത്തവണ പ്രവീണ്‍ കുമാറിന് ലഭിച്ചത്.
ലീഗ് കേന്ദ്രങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനം വോട്ടു ശതമാനം കൂട്ടിയപ്പോള്‍ കോണ്‍ഗ്രസിലെ തമ്മിലടി അര്‍ഹിക്കുന്ന വോട്ടും ഇല്ലാതാക്കി എന്നാണ് ലീഗിന്റെ പരാതി. കെ.എം.സി.സി നേതാക്കള്‍ ഇടപെട്ടു നൂറു കണക്കിന് പ്രവര്‍ത്തകരെ സ്വന്തം ചെലവില്‍ നാട്ടില്‍ എത്തിച്ചു തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടും വിജയിക്കാന്‍ കഴിയാത്തതിലുള്ള നിരാശ യോഗത്തില്‍ പ്രകടിപ്പിച്ചു. പണാറത്തു കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."