സലാം ഫയ്യാദിന്റെ നിയമനം: അമേരിക്കയുടെ എതിര്‍പ്പ് ഖേദകരമെന്ന് അന്റോണിയോ
വാഷിങ്ടണ്‍: ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിനെ ലിബിയയില്‍ യു.എന്‍ നയതന്ത്രപ്രതിനിധിയായി നിയമിക്കുന്നതിനെ എതിര്‍ക്കുന്ന അമേരിക്കന്‍ നിലപാട് അപലപനീയമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഫയ്യാദിനെ നയതന്ത്ര പ്രതിനിധിയാക്കാനുള്ള തന്റെ തീരുമാനം ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും എതിര്‍പ്പിന് ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ശരിയായ സമയത്ത്, ശരിയായ ജോലിയില്‍. ശരിയായ വ്യക്തി'. തെരഞ്ഞെടുപ്പിനെ കുറിച്ച് അന്റോണി പ്രതികരിച്ചു.
2015 മുതല്‍ ലിബിയന്‍ പ്രതിനിധിയായിരുന്ന ജര്‍മനിയുടെ മാര്‍ട്ടിന്‍ കോബ്ലറുടെ പിന്‍ഗാമിയായാണ് ഫയ്യാദിന്റെ നിയമനം.
അതേസമയം, യു.എന്‍ ഫലസ്തീനോട് പക്ഷപാതപരമായി പെരുമാറുകയാണെന്ന് യുഎസിന്റെ യുഎന്‍ അമ്പാസഡര്‍ നിക്കി ഹാലി ആരോപിച്ചു. യു.എസിന്റെ സഖ്യരാജ്യമായ ഇസ്രായേലിന്റെ വിരോധം സമ്പാദിക്കുകയാണ് യു.എന്‍ ചെയ്യുന്നത്. യു.എന്നില്‍ ഫലസ്തീന് ഭാഗിക അംഗത്വമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അധിനിവിഷ്ട ഫലസ്തീനില്‍ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിനെതിരെ പ്രമേയം അവതരിപ്പിച്ചതിന് യു.എന്നിനെതിരെ നിക്കി ഹാലി രംഗത്തെത്തിയിരുന്നു. 2007-2013 കാലത്താണ് ഫയ്യാദ് ഫലസ്തീന്‍ പ്രധാനമന്ത്രിയായിരുന്നത്്. 64കാരനായ ഇദ്ദേഹം രണ്ടുതവണ ധനകാര്യ മന്ത്രിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."