വിദേശികളെ വെല്ലാന്‍ കുല്ലൂ ആപ്പിള്‍ വിപണിയിലേക്ക്
വേങ്ങര: ഇറക്കുമതി ആപ്പിളുകളെ വെല്ലാന്‍ ഇന്ത്യന്‍ കുല്ലൂഡിലിഷന്‍ വിപണിയിലേക്ക്. ഇന്ത്യയില്‍ നിന്ന് മറ്റുരാജ്യങ്ങളിലേക്കു കയറ്റി അയച്ചിരുന്ന കശ്മീരിന്റെ കുല്ലു ഇത്തവണ കേരളത്തിലേക്കും എത്തിത്തുടങ്ങി. ചൈനയുടെ ഫുജി ആപ്പിളിന്റെ ഇറക്കുമതി നിലച്ചതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ മുന്തിയ ഇനമായ കുല്ലുവിന് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചത്. ഓര്‍ഗാനിക്ക് വാഷിങ് പൂര്‍ത്തിയാക്കിയതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഹിമാചല്‍പ്രദേശിന്റെ സിംല ആപ്പിള്‍, കശ്മിരിന്റെ ഡിലിഷന്‍ എന്നിവയുടെ സീസണ്‍ കഴിഞ്ഞാല്‍ ചൈനയുടെ ഫുജി ആപ്പിളാണ് ഇന്ത്യന്‍ വിപണി കീഴടക്കിയിരുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സിംല ആപ്പിളും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കശ്മിരിന്റെ ഡിലിഷനുമാണ് ഇവിടെ വിപണിയിലെത്തിയിരുന്നത്. ഇതിന് ശേഷം ചൈനയുടെ ഫുജി ആയിരുന്നു വിപണി കൈയടക്കിയിരുന്നത്. മറ്റു രാജ്യങ്ങളുടെ ആപ്പിളിനേക്കാള്‍ വിലക്കുറവാണ് ഫുജിക്ക്. എന്നാല്‍ ഇത്തവണ ചൈനയുമായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ ഒപ്പു വെക്കാത്തതാണ് ഫുജിയുടെ ഇറക്കുമതി നിലക്കാന്‍ കാരണം.
കശ്മിരിലെ ഷോപ്പിയാന്‍, പുല്‍വാമ ഭാഗങ്ങളില്‍ നിന്നാണ് കുല്ലൂഡിലിഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. കുല്ലു എന്നപേരിന് ഹിമാചല്‍ പ്രദേശിലെ കുളുവുമായി സാമ്യമുണ്ടെങ്കിലും ആപ്പിള്‍ കശ്മിരിയാണ്. കശ്മിരിലെ ഡിലിഷന്‍ ആപ്പിളിന്റെ സമയത്തുതന്നെയാണ് ഇവയുടെ വിളവെടുപ്പെങ്കിലും ഷോപ്പിയാനില്‍ ഇരുപതിലേറെ കൂറ്റന്‍ കോള്‍ഡ് സ്റ്റോറുകളില്‍ ആയിരക്കണക്കിന് ടണ്‍ കുല്ലൂഡിലിഷന്‍ ആപ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആപ്പിള്‍ സീസണ്‍ കഴിയുന്ന മുറക്ക് ഓര്‍ഗാനിക്ക് വാഷിങ് പൂര്‍ത്തിയാക്കി മറ്റു രാജ്യങ്ങളിലേക്കു കയറ്റി വിടാറാണാണ് പതിവ്.
അമേരിക്ക, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇവ മെഴുക് പുരണ്ട പോളിഷിങ് കഴിഞ്ഞാണ് വരുന്നത്. മാത്രമല്ല, മെഴുക് പോളിഷിങ് ഉള്ളതിനാല്‍ രണ്ടുമാസം വരെ ആപ്പിളിന് കേടുസംഭവിക്കില്ലെന്നും പറയപ്പെടുന്നു. മെഴുക് പോളിഷിങ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പഴങ്ങളിലും പച്ചക്കറികളിലും പോളിഷിങ് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും പോളിഷിങ് നടത്താറില്ല.
എന്നാല്‍ ഈ വര്‍ഷം ഫുജി ഇല്ലാത്തതിനാല്‍ ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുകയാണ്. കേരളത്തിലേക്കുള്ള ആദ്യ ലോഡ് ശീതീകരിച്ച കണ്ടെയ്‌നറില്‍ കഴിഞ്ഞ ദിവസം കോട്ടക്കലില്‍ എത്തി.
കോഴിക്കോട് എറണാകുളം തിരുവനന്തപുരം ടൗണുകളില്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും വ്യാപാരികള്‍ പറഞ്ഞു. കിലോയ്ക്ക് ഏകദേശം 140 - 150 രൂപവിലവരുന്ന ഇവയ്ക്ക് മറ്റ് ഇന്ത്യന്‍ ഇനങ്ങളെ അപേക്ഷിച്ച് നിറവും മധുരവും കൂടുതലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."