സഊദിയില്‍ വിദേശികള്‍ക്ക് വീണ്ടും കുരുക്ക്: വര്‍ക്ക് പെര്‍മിറ്റിന് വാടക രേഖ നിര്‍ബന്ധമാക്കുന്നു
റിയാദ്: സഊദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടകരേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ പദ്ധതിക്ക് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാന നഗരിയായ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പരിഷ്‌കാരത്തിന് പച്ചക്കൊടി കാട്ടിയത്. ഇതോടെ രാജ്യത്ത് തൊഴിലിലേര്‍പ്പെട്ട ഓരോ വ്യക്തിയും വാടക കരാര്‍ ഉണ്ടാക്കേണ്ടി വരും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് 'ഈജാര്‍' (വാടക) എന്ന ഇലക്ട്രോണിക് സംവിധാനവും ഇതിനായി ആരംഭിച്ചിട്ടുണ്ട്.
ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരിക്കണം വാടക കരാറുകള്‍ ഉണ്ടാക്കേണ്ടത്. അല്ലാത്തവ അസാധുവായി കണക്കാക്കപ്പെടും. വിദേശികളായ ഓരോ വ്യക്തിക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍ (പ്രഫഷന്‍) കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് റെസിഡന്റ് പെര്‍മിറ്റിലെ (ഇഖാമ) പ്രഫഷനുമായി ഒത്തുവരണമെന്നതും പുതിയ നിബന്ധനയുടെ ഭാഗമായിത്തീരും. ഓരോ തൊഴിലാളിയും വാടക കരാറില്‍ ഒപ്പുവയ്ക്കണമെന്ന നിബന്ധനയോടെ പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ മന്ദീഭവിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് വീണ്ടും പച്ച പിടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, പരിഷ്‌കരണം എന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."