മഴക്കാലക്കെടുതി: സുരക്ഷാ കവചം ഒരുക്കി ജില്ലാ ഭരണകൂടം
കൊച്ചി: മഴക്കാലക്കെടുതിയെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണക്കൂടം അതീവ ജാഗ്രതയില്‍. ഡെങ്കിപനിയടക്കമുളള രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തിലാണ് പിഴുവുകളില്ലാതെ സുരക്ഷയൊരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
നേരത്തെ പനിയെ പ്രതിരോധിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് കനത്തമഴയില്‍ സംഭവിച്ചേക്കാവുന്ന മരം വീഴ്ച ചെറുക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത്. കഴിഞ്ഞ വര്‍ഷാക്കാലത്ത്‌സ്‌കൂള്‍മുറ്റത്തെയും റോഡരികിലെയും മരങ്ങള്‍ ഒടിഞ്ഞ് വീണു കുരുന്നു വിദ്യാര്‍ഥികളടക്കം ഒന്‍പതുപേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണപ്പെട്ടിരുന്നു. മുന്‍കരുതലെന്ന നിലയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ സുരക്ഷിത ഭീഷണിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു. നമ്പര്‍ 04842423513, 2422282. മഴക്കാലത്ത് ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതലെടുക്കാന്‍ കെ.എസ്.ഇ.ബി യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഴക്കാല കെടുതികള്‍ നേരിടുന്നതിന് പൊലിസ് പ്രത്യേക മണ്‍സൂണ്‍ ടീം രൂപീകരിക്കും. ചെല്ലാനം വില്ലേജിലെ കടലാക്രമണങ്ങള്‍ നേരിടുന്നതിന് മണല്‍ ചാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരം നടത്തിവരുന്നു.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് മുഖേന സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് നാളിതുവരെ പ്രശ്‌നങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
അതിവേഗം ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി മഴയുളളപ്പോള്‍ കരിങ്കല്‍ ഖനം നടക്കുന്നില്ല എന്ന് വില്ലേജ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കി. അടിയന്തരഘട്ടത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി, വില്ലേജുതല ലിസ്റ്റ് തയാറാക്കി സമര്‍പ്പിക്കുവാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭമുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുന്നതിന് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഓടകള്‍, കാനകള്‍, കനാലുകള്‍ എന്നിവ വ്യത്തിയാക്കുന്നതിനും നീരൊഴുക്ക് തടസപ്പെടാതെ സംരക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതാണ്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ ആംബുലന്‍സുകളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുവാനും 102 എന്ന അംഗീകൃത ടെലിഫോണ്‍ നമ്പര്‍ വഴി ആംബുലന്‍സ് ശൃംഖല രൂപീകരിക്കുന്നതിനും ആര്‍.റ്റി.ഒക്ക് നിര്‍ദേശം നല്‍കി.
ഡാമുകള്‍ നിറഞ്ഞ് ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഡാം സേഫ്റ്റി അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകള്‍ ബന്ധപ്പെട്ട ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെ വിവരം യഥാസമയം അറിയിക്കേണ്ടതാണ്. അമോണിയ പോലുളള അപകടകരമായ രാസപദാര്‍ഥങ്ങള്‍ വാഹങ്ങളില്‍ കൊണ്ടുപോകുന്നതിന് കര്‍ശനമായ നിയന്ത്രണം, ഏല്‍പ്പെടുത്തി പോലീസ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ഫയര്‍ ആന്റ് റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കും.
ട്രാഫിക് നിയങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഓട്ടോറിക്ഷകളില്‍ അനുമതിയില്‍ കൂടുതല്‍ യാത്രക്കാതെ കയറ്റുന്നത് നിരോധിക്കും. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.കഴിഞ്ഞദിവസം ജില്ല കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം സി ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."