ദുര്‍ബലമായ കെട്ടിടത്തിലെ ടവറിനെതിരേ ആക്ഷന്‍ കൗണ്‍സില്‍
വെള്ളാങ്ങല്ലൂര്‍: മഴക്കാലത്ത് ചോര്‍ച്ചയും, ചുമരുകള്‍ വിണ്ടതുമായ കെട്ടിടത്തിനു മുകളില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ജില്ലാ ടെലികോം സമിതിയോട് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രമായ കരൂപ്പടന്ന പള്ളിനട വ്യാപാര കേന്ദ്രം കൂടിയാണ്. സമീപത്തായി പബ്ലിക് സ്കൂള്‍, മദ്രസ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. പള്ളി നടയിലെ അറക്കല്‍ ബില്‍ഡിങ്ങിലാണ് സ്ഥലവാസികളേയും വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് ടവര്‍ നിര്‍മിക്കാനുള്ള നീക്കം നടന്നു വരുന്നത്. ടവര്‍ നിര്‍മാണത്തിനെതിരെ പതിനേഴാം വാര്‍ഡ് ഗ്രാമസഭയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതാണ്. ജില്ലാ ടെലികോം സമിതി യോഗത്തിലും ടവര്‍ സ്ഥാപിക്കുന്നതിലുള്ള ഭവിഷ്യത്തുക്കള്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് സി.ഐ. അസീസ് ഹാജി അധ്യക്ഷനായി. പി.കെ.എം. അഷറഫ്, കെ.എ മുഹമ്മദ് കായംകുളം, എം.എസ് മുഹമ്മദാലി, അയൂബ് കരൂപ്പടന്ന, പി.എസ് സിദ്ധിക്ക്, എ.എ അയൂബ്, അബ്ദുള്‍ കാദര്‍, ടി.കെ അബ്ദുള്‍ ഗഫൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."