മാലിന്യനിര്‍മാര്‍ജനം: പൊലിസ് നിരീക്ഷണം കര്‍ശനമാക്കണമെന്ന് മന്ത്രി ജയരാജന്‍
കൊച്ചി: മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലിസ് നിരീക്ഷണം കര്‍ശനമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിലൂടെ ജില്ലയെ പകര്‍ച്ചവ്യാധികളില്‍ നിന്നു രക്ഷിക്കുന്നതിനായുള്ള ആലോചനയോഗത്തില്‍ നിയുക്ത എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇക്കുറി സാംക്രമിക രോഗങ്ങള്‍ പടരുന്നതു മുന്‍കൂട്ടികണ്ട് അതു തടയാന്‍ താഴേത്തട്ടില്‍ നിന്നുള്ള നടപടികളും സംവിധാനങ്ങളുമാണു വേണ്ടതെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് ജനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ സമൂഹം ഒന്നിച്ചു രംഗത്തിറങ്ങി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലപ്രാപ്തി സാധ്യമാകൂയെന്ന് പൊതുയോഗത്തിനു മുമ്പ് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. പൊതുവഴിയിടങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനും രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിനും പൊലിസിന് നിര്‍ദേശം നല്‍കി. വാര്‍ഡ്തലത്തില്‍ നിന്ന് മുകളിലേക്കുള്ള കമ്മിറ്റി സംവിധാനം രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണം. ജൂണ്‍ ഒന്നിന് പഞ്ചായത്ത്, കോര്‍പറേഷന്‍തല കമ്മിറ്റികളും രണ്ടിനകം വാര്‍ഡുതല കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും രൂപം നല്‍കണം. മഴക്കാലത്തുണ്ടാകുന്ന ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വില്ലേജ് തലം മുതല്‍ മോണിട്ടറിംഗ് സംവിധാനങ്ങള്‍ രൂപീകരിക്കണം.
നിയുക്ത എം.എല്‍.എമാരായ പി. ടി തോമസ്, കെ. ജെ മാക്‌സി, ഹൈബി ഈഡന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡി എം സി. ലതിക, ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ എസ്. സുഹാസ്, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, ഡപ്യൂട്ടി കലക്ടര്‍ എസ് രാജീവ് തുടങ്ങിയവരൊക്കെ മന്ത്രിയോടൊപ്പം വേദി പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."