ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായെത്തുന്നത് 12,365 കുട്ടികള്‍
ആലപ്പുഴ: ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി എത്തുന്നത് 12,365 കുട്ടികള്‍. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 6052 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 6313 കുട്ടികളുമാണ് ഇതുവരെ ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുള്ളത്. സ്‌കൂള്‍ തുറക്കുമ്പോള്‍ പത്താം ക്ലാസുവരെയുള്ള 1,84,000 കുട്ടികള്‍ സ്‌കൂളിലെത്തും.
ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്താന്‍ ഒരുക്കം പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് ജില്ലാതല പ്രവേശനോത്സവം കഞ്ഞിക്കുഴി ജി.എസ്.എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്വാഗതസംഘരൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി.മാത്യു അധ്യക്ഷനായി.
പ്രവേശനോത്സവത്തിനായി എസ്.എസ്.എ.യില്‍ നിന്നും ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫിസര്‍ 25,000 രൂപയുടെ ചെക്ക് സ്വാഗതസംഘം ചെയര്‍മാനെ ഏല്‍പ്പിച്ചു. ഉപജില്ലാതലത്തില്‍ എ.ഇ.ഒ.മാരും സ്‌കൂള്‍ തലത്തില്‍ ഹെഡ്മാസ്റ്റര്‍മാരും പ്രവേശനോത്സവം നടത്തും. ഇതിനായി ഉപജില്ലാ തലത്തില്‍ 1500 രൂപയും പഞ്ചായത്തുതലത്തില്‍ 1000 രൂപയും സ്‌കൂള്‍തലത്തില്‍ 500 രൂപയും എസ്.എസ്.എ. നല്‍കും. ഹൈസ്‌കൂള്‍ തലത്തില്‍ ഓരോ സ്‌കൂളിനും 10,000 രൂപയും ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്ന കഞ്ഞിക്കുഴി സ്‌കൂളിന് 25,000 രൂപയും ജില്ലാ പഞ്ചായത്ത് നല്‍കും.
ഈ അധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തക വിതരണവും പുരോഗമിച്ചുവരുന്നു. ജില്ലയില്‍ 14,36,438 പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. അതില്‍ 7,86,125 പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തു.
ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോം വിതരണം ചെയ്യുന്നതിന് ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് ആവശ്യമായ തുക എസ്.എസ്.എ. അനുവദിച്ചിട്ടുണ്ട്. തുക സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചു. ജൂണ്‍ 25നകം കുട്ടികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളുകളില്‍ എത്തും എന്നാണു കരുതുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം വിതരണത്തിനുള്ള തുക ഫണ്ട് ലഭ്യതയനുസരിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
എസ്.സി.എസ്.ടി. കുട്ടികളുടെ സ്‌റ്റൈപ്പന്‍ഡ് വിതരണം സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടിലേക്ക് സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് എത്തിക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമുണ്ട്. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നതിനു നടപടി ആരംഭിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഈ അധ്യയന വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ജൂണ്‍ എട്ടിന് നടത്തും. കുട്ടികളുടെ യു.ഐ.ഡി പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."