യേശുദാസിന്റെ നേതൃത്വത്തില്‍ പിന്നണിഗായകര്‍ക്കായി പുതിയ സംഘടന
കൊച്ചി: ഗായകന്‍ കെ.ജെ യേശുദാസിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ പിന്നണി ഗായകര്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്.
കെ.ജെ യേശുദാസ് ഉപദേശക സമിതി ചെയര്‍മാനായുള്ള സംഘടനയുടെ പ്രസിഡന്റ് സുദീപ് കുമാറും സെക്രട്ടറി രവി ശങ്കറുമാണ്. വിജയ് യേശുദാസ്, രാജലക്ഷ്മി (വൈസ്പ്രസിഡന്റുമാര്‍), ദേവാനന്ദ്, സിത്താര (ജോയിന്റ് സെക്രട്ടറിമാര്‍), അനൂപ് ശങ്കര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ എന്നിവരുള്‍പ്പെടെ 23 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പി ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ചിത്ര, ഉണ്ണിമേനോന്‍, സുജാത തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ചുരങ്ങിയത് അഞ്ചു മലയാള സിനിമയില്‍ പാടിയിട്ടുള്ളവര്‍ക്കാണ് സംഘടനയില്‍ അംഗത്വം നല്‍കുന്നത്. ഐ.എം.എ ഹാളില്‍ ഇന്നലെ ചേര്‍ന്ന സംഘടനാ രൂപീകരണ യോഗത്തില്‍ 75 ലേറെ ഗായകര്‍ പങ്കെടുത്തു.
ഇവര്‍ക്കെല്ലാം അംഗത്വവും നല്‍കി. കെ.ജെ യേശുദാസിനാണ് ആദ്യ അംഗത്വം നല്‍കിയത്. ഗായകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നിലവില്‍ സിനിമ മേഖലയിലെ മറ്റ് തൊഴിലാളി യൂനിയനുകളുമായി അഫിലിയേഷനില്ലെന്നും അവശ്യമെങ്കില്‍ പിന്നീട് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് സുദീപ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."