കണ്ണടയുടെ പേരില്‍ പൊതുജീവിതത്തെ അളക്കരുത്: സ്പീക്കര്‍
തിരുവനന്തപുരം: കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. കണ്ണടയുടെപേരില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും പരിഹാസങ്ങളും ക്രൂരമായ പ്രചാരണ പീഡനങ്ങളും നിര്‍ഭാഗ്യകരമെന്നേ പറയാനാകൂ.
ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. വിദേശത്തുനിന്നും നാട്ടില്‍നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്പോഴൊക്കെ സ്‌നേഹപൂര്‍വം നിരസിക്കുകയാണ് പതിവ്. ഇടയ്ക്കിടെ നഷ്ടപ്പെട്ടുപോകുന്നതിനാല്‍ കണ്ണടയോട് പ്രത്യേക താല്‍പര്യമോ മമതയോ തോന്നിയിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി കാഴ്ചയുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളും തനിക്കുണ്ട്. എന്റെ ദൈനംദിന ജീവിതത്തെ, പൊതുപ്രവര്‍ത്തനത്തെ ബാധിക്കാത്തിടത്തോളം അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ സമൂഹത്തില്‍ ചര്‍ച്ചക്കുവയ്ക്കാനോ തയാറല്ല.
അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാവേദി ശരീരം പൂര്‍ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവനായി കാണാന്‍ കഴിയുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട കാഴ്ചാപ്രശ്‌നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ സ്‌പെസിഫിക്കേഷനിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാകൂവെന്ന് നിര്‍ദേശിക്കുന്നത്. കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിക്കുകയായിരുന്നു. ലെന്‍സിന്റെ വില ഇപ്പോള്‍ വിമര്‍ശന വിധേയമായത്രയും വരുമോ, ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദേശം ശരിയാണോ, കടയില്‍നിന്ന് പറയുന്നതു പൂര്‍ണമായും ശരിയാണോ എന്നീ വിഷയങ്ങളില്‍ സൂക്ഷ്മപഠനത്തിന് തയാറായില്ലെന്ന പിശക് സംഭവിച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഡോക്ടറുടെ നിര്‍ദേശം ലഭിച്ചപ്പോള്‍ ഗഹനമായ പഠനം നടത്തുകയോ ബദല്‍മാര്‍ഗം ആരായുകയോ ചെയ്യാതെ ലെന്‍സ് വാങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയായിരുന്നു പ്രധാനം. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
പ്രായമായ മാതാവിന്റെയോ കുടുംബത്തിന്റെയോ എന്റെയോ ചികിത്സക്ക് ആവശ്യമായിവന്നാല്‍ നിയമം അനുശാസിക്കുന്ന രീതി അവലംബിക്കുകയാണ് ശരിയെന്നാണ് എന്റെ പക്ഷം. സ്പീക്കറുടെ ഓഫിസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും പുനഃപരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിങ് നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."