മത്സ്യവകുപ്പിന്റെ അനാസ്ഥ തൊഴിലാളികളെ ദുരിതത്തിലാക്കിയെന്ന്
ആലപ്പുഴ: മത്സ്യവകുപ്പും മത്സ്യബോര്‍ഡും കാട്ടുന്ന അനാസ്ഥ മത്സ്യത്തൊഴിലാളികളെ തൊഴില്‍പരമായും ക്ഷേമ വികസനപരമായും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. നേരത്തെ കേന്ദ്രഗവണ്‍മെന്റില്‍ കേരളത്തില്‍നിന്നും അഞ്ച് മന്ത്രിമാര്‍ ഉണ്ടായിട്ടും കേന്ദ്രത്തില്‍ പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിക്കാനും തീരപരിപാലന നിയമവും ഉള്‍നാടന്‍ നദീജല സംയോജന പദ്ധതിയും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതേ നിലപാട്തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്.
പ്രകൃതിക്ഷോഭം മൂലമോ അല്ലാതെയോ തീരമേഖലയില്‍ താമസിക്കുന്ന അനേകംപേര്‍ കിടപ്പാടം നഷ്ടപ്പെട്ടിട്ടും യാതൊരു നടപടിയും ഫിഷറീസ് വകുപ്പ് കൈക്കൊണ്ടിട്ടില്ല. സ്ഥലവും വീടും നല്‍കാമെന്ന പറഞ്ഞ് വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ ഒരുസംഘടന ലക്ഷക്കണക്കിന് അപേക്ഷാഫോറം വിതരണം ചെയ്തുകൊണ്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കിയെങ്കിലും ഒരാള്‍ക്കുപോലും വീടോ ഭൂമിയോ നല്‍കാതെ കബളിപ്പിക്കുകയാണ് ചെയ്തത്.
പ്രകൃതിക്ഷോഭം മൂലം തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കാതെ അവഗണിക്കുകയാണ്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷം 200 രൂപ ക്ഷേമനിധി വിഹിതവും തൊഴിലുപകരണങ്ങള്‍ക്ക് 200 മുതല്‍ 800 വരെ ലൈസന്‍സ് ഫീസ് നല്‍കുന്നുണ്ട്. തൊഴിലുമായി യാതൊരു ബന്ധമില്ലാത്തവരെ ബോര്‍ഡിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ചേര്‍ത്തിട്ടുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുക്കാന്‍ വകുപ്പിന് കഴിയാത്തതിനാല്‍ മത്സ്യസമ്പത്ത് പാടേ നശിച്ചുകഴിഞ്ഞു. മരണാനന്തര സഹായം, ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാതെ അവഗണിക്കുകയാണ്.വാര്‍ത്താസമ്മേളനത്തില്‍ എം.കെ സുധാകരന്‍, ടി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."