താലൂക്ക് അടിസ്ഥാനത്തില്‍ വനിതാ പൊലിസ് സ്റ്റേഷനുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തില്‍ വനിതാ പൊലിസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
നിലവില്‍ 10 പൊലിസ് ജില്ലകളില്‍ വനിതാ സ്റ്റേഷനുകളും 14 പൊലിസ് സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് സ്റ്റേഷന് ചുമതലയും നല്‍കിയിട്ടുണ്ട്. കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസര്‍കോട്, ഇടുക്കി, തിരുവനന്തപുരം റൂറല്‍, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലാണ് വനിതാ പൊലിസ് സ്റ്റേഷനുകള്‍ ഉള്ളത്.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, ആലപ്പുഴ, കോട്ടയം, തൃശൂര്‍ സിറ്റി, ഇരിങ്ങാലക്കുട, കോഴിക്കോട് സിറ്റി, കണ്ണൂര്‍, എറണാകുളം സിറ്റി എന്നിവിടങ്ങളിലെ വനിതാ പൊലിസ് സ്റ്റേഷനുകളിലും പത്തനംതിട്ട തണ്ണിത്തോട് പൊലിസ് സ്റ്റേഷന്, ഇടുക്കി കളമാവ് പൊലിസ് സ്റ്റേഷന്, എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലിസ് സ്റ്റേഷന്, കോഴിക്കോട് ചെമ്മങ്ങാട് പൊലിസ് സ്റ്റേഷന്, കണ്ണൂര്‍ പയ്യാവൂര്‍ പൊലിസ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് വനിതകള്‍ക്ക് സ്റ്റേഷന് ചുമതല നല്‍കിയിരിക്കുന്നത്.
പൊലിസ് സേനയില്‍ നിലവില്‍ വനിതാ പ്രാതിനിധ്യം 8.43 ശതമാനമാണ്. ഇത് 15 ശതമാനമാക്കും. ഇതിനുമുന്നോടിയായി 380 വനിതാ കോണ്‍സ്റ്റബിള്‍മാരെയും 20 വനിതാ പൊലിസ് ഹവില്ദാറുമാരെയും ഉള്‍പ്പെടുത്തി പൊലിസ് ബറ്റാലിയനും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ബീറ്റ് ഓഫിസറുടെ ജോലിയും വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."