കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ് ദുരന്തമായെന്ന് സി ദിവാകരന്‍
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ് ദുരന്തമായെന്ന് സി.പി.ഐ ദേശിയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. സി.പി.ഐയും സി.പി.എമ്മും ഭിന്നിപ്പിനെ അതിജീവിച്ചുവെങ്കിലും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളുടെ മനസ്സില്‍ അത് പൊറുക്കാത്ത മുറിവായി മാറി.
ആര്‍ സുഗതനെപ്പോലുള്ള പ്രമുഖ നേതാക്കളുടെ ഹൃദയത്തെപ്പോലും മുറിവേല്‍പ്പിക്കുന്നതായിരുന്നു ആ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ സുഗതന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് ലഭിച്ച വരദാനമാണ് ആര്‍ സുഗതനെന്ന നേതാവ്. കറപുരളാത്ത വിപ്ലവകാരിയായ അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കെന്നും മാതൃകയാണ്. രാഷ്ട്രീയത്തിനതീതമായി മറ്റ് മേഖലകളിലും കഴിവ് തെളിയിച്ച ആര്‍ സുഗതന്‍ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിച്ച നേതാവായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്‍ അധ്യക്ഷനായി.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ചന്ദ്രശര്‍മ്മ രചിച്ച ആര്‍ സുഗതന്‍ വ്യക്തിയും ജീവിതവും എന്ന പുസ്തകം വിപ്ലവ ഗായിക പി കെ മേദിനിക്ക് നല്‍കി സി ദിവാകരന്‍ പ്രകാശനം ചെയ്തു. കെ.എം ചന്ദ്രശര്‍മ്മ പുസ്തക പരിചയ പ്രഭാഷണം നടത്തി. വി.എം ഹരിഹരന്‍ സ്വാഗതം പറഞ്ഞു. പി ജ്യോതിസ്, ജി കൃഷ്ണപ്രസാദ്, വി മോഹന്‍ദാസ്, ആര്‍ സുരേഷ്, പി.പി ഗീത, പി.എസ്.എം ഹുസൈന്‍, ബി നസീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."