ഉദ്യാന ലൈബ്രറി കെട്ടിടത്തില്‍ ക്രൈം ബ്രാഞ്ച് ഓഫിസ്; തൃക്കാക്കര കൗണ്‍സില്‍ യോഗത്തിനിടെ ബഹളം
കാക്കനാട്: രണ്ട് വര്‍ഷമായി നിര്‍മാണം പൂര്‍ത്തിയാക്കി അടച്ചിട്ടിരിക്കുന്ന ബഹുനില ഉദ്യാന ലൈബ്രറി കെട്ടിടത്തിലേക്ക് തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഓഫിസ് മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ തൃക്കാക്കര നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയുടെ നടപടിക്കെതിരേ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. യോഗത്തിനിടേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിലേക്ക് ഇടിച്ചുകയറി. പ്രതിപക്ഷ അംഗങ്ങളും ഒപ്പംകൂടിയതോടെ ഭരണപക്ഷാംഗങ്ങളുമായി വാക്കേറ്റത്തിലായി.
പ്രതിഷേധക്കാര്‍ക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ പൊലിസിന് നേരെ തട്ടിക്കയറുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് 12ന് കൗണ്‍സില്‍ യോഗം തുടങ്ങി അഞ്ച് മിനിട്ടിനകം 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിലെത്തി ലൈബ്രറി കെട്ടിടം പൊലിസിന് നല്‍കിയ നടപടി റദ്ദാക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ വിസമ്മതിച്ചതോടെ ഡയസില്‍ കയറി പ്രതിഷേധിച്ചതോടെ ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം രൂക്ഷമായി. ഇതിനിടെ സെക്രട്ടറി അറിയിച്ച പ്രകാരം തൃക്കാക്കര പൊലിസെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലിസിനോട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും എസ്.ഐ തയാറായില്ല. നഗരസഭ നല്‍കിയ പാരാതി പ്രകാരം നിരവധി കേസുകള്‍ തീര്‍പ്പാകാതെ നിലവിലുണ്ടെന്നും അതിനാല്‍ ഇനിയൊരു കേസുകൂടി ആവശ്യമുണ്ടോ എന്ന് ചോദിച്ച എസ്.ഐയോട് 'പണി ഉപേക്ഷിച്ച് ചെരക്കാന്‍ പോകു' എന്ന മോശം പദപ്രയോഗം നടത്തി ഭരണകക്ഷി അംഗങ്ങള്‍ ആക്ഷേപിച്ചു.
ബഹളം അനിയന്ത്രിതമായോടെ കൗണ്‍സില്‍യോഗം പിരിച്ച് വിട്ട് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര അസി.പൊലിസ് കമ്മിഷണര്‍ ഓഫിസ് ഉപരോധിച്ചു. സംഭവം എസ്.ഐയെ മാറ്റി നിര്‍ത്തി അന്വേഷിക്കാമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കുമെന്നും ജില്ലാ പൊലിസ് മേധാവി ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."