ചെല്ലാനം സംഘര്‍ഷം: എസ്.ഐയെ ബലിയാടാക്കി ഒത്തുതീര്‍പ്പിന് ധാരണ
പള്ളുരുത്തി: ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തിരുനാളിനിടെ പൊലിസും നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐയെ ബലിയാടാക്കി ഒത്ത് തീര്‍പ്പ് ധാരണയായതായി വിവരം. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേസും നടപടികളും ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ 12ന് അസി. കമ്മിഷണറുടെ ഓഫിസില്‍ വച്ചുണ്ടായ അനുരജ്ഞന ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി 20നാണ് പൊലിസും നാട്ടുകാരുമായി പള്ളി തിരുനാളിന്റെ ഗാനമേളക്കിടയില്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പടെ നാലു പൊലിസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ 35 ഓളം പേരെ പ്രതിയാക്കി പൊലിസ് കേസെടുത്തിരുന്നു. പ്രതി കളുടെ വീടുകളില്‍ പൊലിസ് നിരന്തര ശല്യമുണ്ടാക്കുന്നുവെന്ന് പരാതിയുമായി ചിലര്‍ രംഗത്ത് വന്നതോടെ ഒത്തുതീര്‍പ്പിന് കളമൊരുങ്ങുകയായിരുന്നു.
കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സി യുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. അന്നത്തെ സംഭവങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദി കണ്ണാലി എസ്.ഐ ഷൈജു ഇബ്രാഹിമാണ് എന്ന വാദത്തില്‍ ചെല്ലാനത്തെ ജനപ്രതിനിധികള്‍ ഉറച്ചു നിന്നു. ഒരു മാസത്തിനുള്ളില്‍ എസ്.ഐ യെ സ്ഥലം മാറ്റുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി.
ധാരണ പ്രകാരം പൊലസ് പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം മൂന്നു ദിവസത്തിനകം കോടതിയില്‍ കീഴടങ്ങും. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയ പ്രതികളുടെ ജാമ്യാപേക്ഷയെ പൊലിസ് എതിര്‍ക്കില്ലന്ന ധാരണയും ഉണ്ടാക്കിയതായാണ് വിവരം. ഒത്തുതീര്‍പ്പുകളുടെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് സമരസമിതി മാറ്റിവച്ചിരുന്നു.
എന്നാല്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ പൊലിസ് സേനയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ആക്രമണത്തിന് ഇരയായ പൊലിസുകാരുടെ കാര്യത്തില്‍ ചര്‍ച്ചയില്‍ ഒരിടത്തു പോലും പരാമര്‍ശമുണ്ടായില്ലെന്ന് പൊലിസുകാര്‍ പറയുന്നു.
ചെല്ലാനം ഇടവക വികാരി ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ഫാ.സാംസണ്‍ , പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഷിജിതൈപറമ്പില്‍ , ജെര്‍വിന്‍ ജോസഫ്, എല്‍ബ എന്നിവരും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."