ഇ. അഹമ്മദ് സ്വയം പ്രസ്ഥാനമായി മാറിയ വ്യക്തി: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: സ്വയം പ്രസ്ഥാനമായി മാറിയ ദേശീയനേതാവായിരുന്നു ഇ. അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയ നേതാക്കളില്‍ സ്വയം ഉയര്‍ത്തിക്കാട്ടാനും സ്വന്തം താല്‍പര്യങ്ങളെ സംരക്ഷിക്കാനും ശ്രമിക്കുന്ന വ്യക്തിയായിരുന്നില്ല ഇ.അഹമ്മദ് എന്നും മറിച്ച് ജനക്ഷേമം മുന്‍നിര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തി സ്വയം പ്രസ്ഥാനമായി വളരുകയായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ മുസ്്‌ലിം ലീഗ് ദേശീയകമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസാന നിമിഷങ്ങളില്‍ അഹമ്മദിനെ കാണാന്‍ കുടുംബത്തെ അനുവദിക്കാതിരുന്ന അധികൃതരുടെ സമീപനത്തില്‍ നിന്നും രാജ്യം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് വ്യക്തമാകുന്നുവെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഒരേകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തികളായിരുന്നു താനും അഹമ്മദുമെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്ത് ഇന്നും നികത്തപ്പെടാത്ത വിടവായി അവശേഷിക്കുകയാണന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ. ആന്റണി പറഞ്ഞു.
രാജ്യത്തെ മഹത്തായ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ സ്വന്തം വ്യക്തിത്വത്തിലേക്ക് ആവാഹിച്ച വ്യക്തിയായിരുന്നു അഹമ്മദെന്ന് ശശി തരൂര്‍ പറഞ്ഞു. ഇറാഖില്‍ ഇന്ത്യക്കാര്‍ തടവുകാരാക്കപ്പെട്ടപ്പോള്‍ അഹമ്മദിന്റെ നയതന്ത്രനൈപുണ്യമാണ് അവരുടെ മോചനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാംസരണ്‍ അനുസ്മരിച്ചു. സി.പി.ഐ നേതാവ് ഡി. രാജ, സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം എന്നിവരും അഹമ്മദിനെ അനുസ്മരിച്ചു.
ചടങ്ങില്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദേശം വായിച്ചു. മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ വയലാര്‍ രവി, കെ.വി തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് പി.കെ ബിജു, ജോസ് കെ. മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പി.പി മുഹമ്മദ് ഫൈസല്‍ (ലക്ഷദ്വീപ്), സി.എന്‍ ജയദേവന്‍, സി.പി നാരായണന്‍, ഇ. അഹമ്മദിന്റെ മക്കളായ റഈസ്, നസീര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."