വരസാന്ത്വന പരിപാടി സംഘടിപ്പിച്ചു
ആലുവ: എടത്തല അല്‍അമീന്‍ കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബാധിതയായ കോളജ് വിദ്യാര്‍ഥിനിക്ക് ഒരു കൈ സഹായം നല്‍കാന്‍ വരസാന്ത്വന പരിപാടി സംഘടിപ്പിച്ചു.
കാരിക്കേച്ചര്‍ വരയിലൂടെ ധനസമാഹരണം നടത്തുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ ലക്ഷ്യം. അവരുടെ ആശയം സഫലമാക്കാന്‍ ആലുവ തോട്ടുമുഖം സ്വദേശിയായ ചിത്രകാരന്‍ ഇബ്രാഹിം ബാദുഷ മുന്നോട്ടു വതോടെ ക്യാംപസ് പരിപാടി ആവേശത്തോടെ ഏറ്റെടുത്തു. പ്രതിഫലം സ്വീകരിക്കാതെ ചിത്രങ്ങള്‍ വരച്ച ബാദുഷയ്ക്കു സമീപം സ്ഥാപിച്ച ബക്കറ്റില്‍ നൂറോളം വിദ്യാര്‍ഥികള്‍ അവര്‍ക്കാവുന്ന സംഭാവനകള്‍ നിക്ഷേപിച്ച് സാന്ത്വന പരിപാടിയില്‍ പങ്കാളികളായി.
സംഭാവനയായി ലഭിച്ച തുക രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാറമ്പള്ളി എം ഇ എസ് കോളെജിലെ വിദ്യാര്‍ഥിനിക്ക് കൈമാറും.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിതാ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ എം. ബി. ശശിധരന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അബ്ദുള്‍ സലാം, മുന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനിബ എം എച്ച്, വിദ്യാര്‍ഥികളായ കമറുദ്ദീന്‍ എം.എച്ച്, സഹദ് എ.എ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."