ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അര്‍വ
ശ്രീനഗര്‍: ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ അര്‍വ ഇംതിയാസ് എന്ന പത്താംക്ലാസുകാരിക്ക് ഒരിക്കല്‍ പോലും മടുപ്പുതോന്നിയിട്ടില്ല. കൊടും തണുപ്പില്‍ പോലും ബധിരരായ കുട്ടികളുടെ ബാഡ്മിന്റണ്‍ പരിശീലനത്തിന് അവരുടെ ശബ്ദമാകുന്നതിനായിട്ടാണ് അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്.
ഈ കുട്ടി പരിശീലകയോ അല്ലെങ്കില്‍ കളിക്കാരിയോ അല്ല. പത്താം ക്ലാസില്‍ പഠിക്കുന്ന അവള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് നിശബ്ദരായവരുടെ ശബ്ദമാകുന്നതിനാണ്.
ജമ്മുകശ്മിര്‍ ബധിര സ്‌പോര്‍ട്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 250ഓളം ബധിര കായിക താരങ്ങളാണ്. അര്‍വയാകട്ടെ ഇവര്‍ക്ക് നാവായി മാറുകയാണ്. ഇവരുടെ ഭാഷ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തും മറ്റുള്ളവരുടെ ഭാഷ ബധിര കായിക താരങ്ങള്‍ക്ക് പറഞ്ഞുകൊടുത്തും അവള്‍ കളിക്കളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ താരങ്ങള്‍ക്കൊപ്പം ഈ പെണ്‍കുട്ടി പോകാറുണ്ട്. പണത്തിനുവേണ്ടിയല്ല താന്‍ ഇങ്ങനെ പോകുന്നതെന്നാണ് അര്‍വ പറയുന്നത്.
റാഞ്ചിയില്‍ നടന്ന ബധിര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജമ്മു കശ്മിര്‍ ടീം നേടിയത് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ്. ഇതിന് പിന്നില്‍ ഈ പെണ്‍കുട്ടിയുടെ അധ്വാനം ചെറുതായിരുന്നില്ല.
അര്‍വയുടെ മാതാവിന് സംസാരിക്കാനാകില്ല. സഹോദരന്‍ മുഹമ്മദ് സലീമും ഇങ്ങനെ തന്നെയാണ്. നല്ല ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയാണ് സലീം. സംസാരിക്കാന്‍ കഴിയാത്തതിന്റെ പ്രയാസം ശരിക്കും താന്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാര്‍ക്ക് ശബ്ദമാകാന്‍ താന്‍ തീരുമാനിച്ചതെന്നാണ് അര്‍വ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."