വന്യജീവി സങ്കേതത്തിലൂടെയുള്ള ഗതാഗതം: വേഗപരിധി പാലിക്കാന്‍ കര്‍ശന നിര്‍ദേശം
തൊടുപുഴ: ജില്ലയില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 17- ല്‍ കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള 15 കിലോമീറ്റര്‍ ഭാഗത്ത് എല്ലാത്തരം വാഹനങ്ങളുടെയും വേഗപരിധി മണിക്കൂറില്‍ 30 കിലോമീറ്ററില്‍ അധികരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ.എ.കൗശിഗന്‍ ഉത്തരവായി. വേഗനിയന്ത്രണം കര്‍ശനമായും ഫലപ്രദമായും നടപ്പിലാക്കാനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പ്രത്യേക സ്‌ക്വാഡുകള്‍ ഏര്‍പ്പെടുത്തി. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഈ റോഡില്‍ വേഗപരിധി അധികരിക്കാന്‍ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി കൂടിയാലോചിച്ച് നിശ്ചിത മാതൃകയിലുള്ള സ്ഥിരം ബിറ്റുമിന്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാനും, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നടപടി സ്വീകരിക്കണം. വന്യജീവി സങ്കേതത്തിനുള്ളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും അകാരണമായി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ലാത്തതും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലാത്തതുമാണ്.
വേഗനിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുത്താന്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് നിയമനടപടികള്‍ സ്വീകരിക്കാന്‍ മറയൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
2005 ലെ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമുള്ള ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കെതിരെ നിയമത്തിലെ 51 മുതല്‍ 57 വരെയുള്ള വകുപ്പുകള്‍ പ്രകാരമുള്ളതുള്‍പ്പെടെ മറ്റൊരറിയിപ്പ് കൂടാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള അമിത വേഗത്തിലുള്ള ഗതാഗതംമൂലം വന്യജീവികള്‍ക്ക് ഉണ്ടാകുന്ന ജീവഹാനി സംബന്ധിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടും സങ്കേതത്തിലെ വിവിധ ആദിവാസി കോളനി നിവാസികള്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയും പരിഗണിച്ചാണ് കലക്ടറുടെ നടപടി. വന്യജീവി സങ്കേതത്തിലെ വാഹന ഗതാഗതം മൂലം ആറ് മാസത്തിനുള്ളില്‍ 85 വന്യജീവികള്‍ക്ക് ജീവഹാനി സംഭവിച്ചതായി കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."