അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി
ന്യൂഡല്‍ഹി: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടായ സാഹചര്യത്തിലാണ് മോദിക്കെതിരായി രാഹുലിനെ ഉയര്‍ത്തിക്കാട്ടി പ്രചാരണം തുടങ്ങിയത്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ പ്രചാരണം തുടങ്ങിയത്. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇതിനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.
ഫേസ്ബുക്ക് പേജില്‍ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന കാംപയിനും തുടങ്ങിയിട്ടുണ്ട്.
അതേസമയം മോദിക്കെതിരായ ബദല്‍ രാഹുല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രതിപക്ഷ കക്ഷികളെല്ലാം യോജിച്ച് അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതിയൊരു മാറ്റത്തിനുള്ള അരങ്ങൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യത്ത് രണ്ട് മോഡലുകളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിലൊന്ന് മോദിയാണെങ്കില്‍ മറ്റൊന്ന് രാഹുല്‍ ഗാന്ധിയാണ്.
മോദി മോഡല്‍ എന്നത് ദിവസവും ആറ് തവണയെങ്കിലും വസ്ത്രം മാറുന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. രാജ്യതാല്‍പര്യത്തിന് പകരം വസ്ത്രം മാറുകയെന്നതാണ് മോദിയുടെ പ്രത്യേകത.
എന്നാല്‍ രാഹുല്‍ മോഡല്‍ എന്നത് വ്യക്തവും സുതാര്യവുമായതാണ്. മോദിക്കെതിരായി രാജ്യം ഉയര്‍ത്തിക്കാണിക്കുന്ന ബദലാണ് രാഹുല്‍ ഗാന്ധിയെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
അതുകൊണ്ടുതന്നെ രാജ്യം അടുത്ത പ്രധാനമന്ത്രിയായി കാണുന്നത് രാഹുല്‍ ഗാന്ധിയെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ ഘടക കക്ഷികള്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ഇതിനകം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര ബജറ്റില്‍ ആന്ധ്രക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്നാരോപിച്ച് എന്‍.ഡി.എ ഘടക കക്ഷിയായ തെലുഗുദേശം പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയാകട്ടെ അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത പൊതു തെരഞ്ഞെടുപ്പ് ബി.ജെ.പിക്കുമുന്‍പില്‍ വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."