ജറൂസലം: ഉര്‍ദുഗാനും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വത്തിക്കാനിലെത്തി. ഇതാദ്യമായാണ് ഒരു തുര്‍ക്കി പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കുന്നത്. പ്രധാനമായും ജറൂസലമിന്റെ പദവി സംബന്ധിച്ച വിവാദങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ചര്‍ച്ച ചെയ്യാനാണ് ഉര്‍ദുഗാന്‍ ഇവിടെയെത്തിയത്.
വത്തിക്കാന്‍ അപ്പോസ്തലന്റെ കൊട്ടാരത്തില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സാധാരണ ആഘോഷ പരിപാടികള്‍ക്കായി മാത്രം തുറക്കുന്ന കേന്ദ്രമാണിത്. ഒരു മണിക്കൂറോളം ഇരുവരും ജറൂസലം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 2014ല്‍ മാര്‍പാപ്പ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്ന തരത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ചാണു ചര്‍ച്ച നടന്നതെന്നും പരസ്പര സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശത്തെയും അംഗീകരിച്ചും പ്രശ്‌നം പരിഹരിക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചതായും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ മാര്‍പാപ്പയും ഉര്‍ദുഗാനും ശക്തമായി വിമര്‍ശിച്ചിരുന്നു.
ഉര്‍ദുഗാന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഗരത്തില്‍ പ്രതിഷേധം അരങ്ങേറി.
തുടര്‍ന്ന് പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് സമരക്കാരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."