കരിപ്പൂരിന്റെ ആകാശത്ത് ഒരുങ്ങുന്നത് വിമാനക്കമ്പനികളുടെ കിടമത്സരം
കൊണ്ടോട്ടി: റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയ കരിപ്പൂര്‍ വിമാനത്താവളം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് ആഭ്യന്തര അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ കിടമത്സരത്തിന്. വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെങ്കിലും റണ്‍വേ റീകാര്‍പ്പറ്റിങ് പൂര്‍ത്തിയായി രണ്ടാഴ്ചക്കകം പൂര്‍ണമായും വിമാനങ്ങള്‍ക്കായി തുറക്കുന്നതോടെയാണ് ആകാശവീഥിയിലെ ലാഭക്കൊയ്ത്തിന് വിമാന കമ്പനികള്‍ കൂട്ടത്തോടെ കരിപ്പൂരിലെത്തുന്നത്. ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന വിലയിരുത്തലാണ് ഇത്തരത്തിലൊരു സാഹചര്യത്തിലെത്തിച്ചത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ കാര്‍ണിവല്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് നിലവില്‍ അനുമതി തേടി കരിപ്പൂരില്‍ നിന്ന് പുതിയ സര്‍വിസ് ആരംഭിക്കാനിരിക്കുന്നത്. ഒരേ സമയം ആഭ്യന്തര,അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാണ് വിമാനത്താവളത്തിലേക്ക് പുതിയ സര്‍വിസുകള്‍ എത്തുന്നത്. വിമാനത്താവളം മാര്‍ച്ച് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വിസുകള്‍ പകലിലേക്ക് ക്രമീകരിക്കാനാവും. റണ്‍വേയിലും,വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണിലും നിലവിലെ നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാവില്ല. വേനല്‍ ഷെഡ്യൂളില്‍ പുതിയ സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികള്‍ ചാര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇത്തിഹാദ് എയര്‍ അബൂദബിയിലേക്കാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. നിലവിലുള്ള സര്‍വിസിന് പുറമെയാണിത്. ഒമാന്‍ എയര്‍ ഈ മാസം മുതല്‍ മസ്‌ക്കത്ത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മസ്‌ക്കത്ത് സലാല സര്‍വിസിനും ശ്രമിക്കുന്നുണ്ട്. ജെറ്റ് എയര്‍വെയ്‌സും മസ്‌ക്കത്തിലേക്കുള്ള നിലവിലെ സര്‍വിസ് വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. വേനല്‍ അവധിയില്‍ നാട്ടില്‍ സ്‌കൂള്‍ അടയ്ക്കുന്നതോടെ ഗള്‍ഫിലേക്കുള്ള യാത്രാ തിരക്ക് മുതലെടുക്കാനാണ് വിമാന കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ആഭ്യന്തര സെക്ടറില്‍ ചെന്നൈയിലേക്കാണ് എയര്‍ഇന്ത്യ എക്‌സ്പ്രസും, സ്‌പൈസ് ജെറ്റും, എയര്‍കാര്‍ണിവലും ലക്ഷ്യമിടുന്നത്. ചെന്നൈയില്‍ നിന്ന് മറ്റ് ആഭ്യന്തര,അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കണക്ഷന്‍ സര്‍വിസും വിമാന കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. എയര്‍ ഇന്ത്യ കരിപ്പൂര്‍ ഡല്‍ഹി സര്‍വിസും ആരംഭിക്കുന്നുണ്ട്.
ജെറ്റ് എയര്‍വെയ്‌സ് മുംബൈയിലേക്കാണ് നിലവിലുള്ളതിന് പുറമെ സര്‍വിസ് ആരംഭിക്കുന്നത്. സ്‌പൈസ് ജെറ്റ് ചെന്നൈക്ക് പുറമെ ബംഗളൂരുവിലേക്കും പുതിയ സര്‍വിസ് ആരംഭിക്കുന്നുണ്ട്. 72 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് കരിപ്പൂര്‍ ചെന്നൈ സെക്ടറില്‍ എയര്‍ കാര്‍ണിവല്‍ ആരംഭിക്കുന്നത്.
മെയ് മുതലാണ് വിമാനം സര്‍വിസ് ആരംഭിക്കുന്നത്. എയര്‍ കാര്‍ണിവല്‍ ആയിരിക്കും ഇതോടെ കരിപ്പൂരിലെത്തുന്ന ഏറ്റവും ചെറിയ വിമാനം. വലിയ വിമാനങ്ങള്‍ക്കും ഇടത്തരം വിമാനങ്ങള്‍ക്കും അനുമതി ലഭിക്കുന്നതോടെ സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍, എയര്‍ഇന്ത്യ എന്നിവയും കരിപ്പൂരില്‍ നിന്നുള്ള സര്‍വിസിനായി കാത്തിരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."