തമിഴകം കുതിരക്കച്ചവടത്തിലേക്ക്
ചെന്നൈ: അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു പ്രത്യേക കോടതിയുടെ വിധി സുപ്രിംകോടതി ശരിവച്ചതോടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ രാഷ്ട്രീയഭാവിയില്‍ ഇരുളടയുന്നു. നാലുവര്‍ഷം കഠിന തടവും പത്തുകോടി രൂപ പിഴയടക്കാനുമുള്ള പ്രത്യേക കോടതി വിധിയാണു സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
1996ലാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി മുഖ്യമന്ത്രിയായിരുന്ന ജയലളിത, തോഴി ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കെതിരേ 66.5 കോടി രൂപയുടെ അവിഹിതസ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ടു കോടതിയിലെത്തിയത്. തുടര്‍ന്ന് ഈ കേസ് കടുത്ത നിയമയുദ്ധത്തിലേക്കു നീങ്ങിയെങ്കിലും 21 വര്‍ഷത്തിനുശേഷം സുപ്രധാന വിധിയെത്തുകയായിരുന്നു. സുപ്രിംകോടതി വിധിക്കെതിരേ പ്രതികള്‍ക്ക് അപ്പീല്‍ഹരജി നല്‍കാനോ പുനഃപരിശോധനാ ഹരജി നല്‍കാനോ കഴിയില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ആചാര്യ പറഞ്ഞു.
ജയലളിതയുടെ മരണം നടന്ന് 72-ാം ദിവസത്തിലാണു ശശികലക്കെതിരേ കോടതി വിധിയെന്നതു ശ്രദ്ധേയം. രണ്ടാഴ്ച മുന്‍പ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്നു മുഖ്യമന്ത്രിയാക്കാനായി പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭാ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തതിനു പിറകെയുണ്ടായ സുപ്രിംകോടതി വിധി ശശികലയുടെ രാഷ്ട്രീയ സ്വപ്നം തകര്‍ത്തിരിക്കുകയാണ്. ഇനി പത്തുവര്‍ഷം ഇവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നു മാത്രമല്ല, നാലുവര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് കൂടും.
ജയലളിതയുടേതുപോലുള്ള ആജ്ഞാശക്തി തനിക്കുണ്ടെന്നു വരുത്തി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചുകൂട്ടിയാണു ശശികല നിയമസഭാകക്ഷി നേതാവായി സ്വയം അവരോധിതനായത്. മുഖ്യമന്ത്രിക്കസേര വിടാന്‍ ഒ. പനീര്‍ ശെല്‍വം വിസമ്മതിച്ചതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്. ബി.ജെ.പിയുടെ രണ്ടു കേന്ദ്രമന്ത്രിമാരില്‍ നിന്നും ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായില്‍ നിന്നും ലഭിച്ച തന്ത്രങ്ങളും നിര്‍ദേശങ്ങളും അക്ഷരംപ്രതി പാലിച്ച് ഒ. പനീര്‍ ശെല്‍വം ജയലളിതയുടെ സമാധിസ്ഥലത്തു കുത്തിയിരുന്ന് ഒരുമണിക്കൂര്‍ നടത്തിയ 'രാഷ്ട്രീയധ്യാനം' എല്ലാ രാഷ്ട്രീയനിരീക്ഷണങ്ങളെയും കാറ്റില്‍പറത്തിയായിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെടിപൊട്ടിച്ച പനീര്‍ ശെല്‍വം ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ശശികലയെ മുട്ടുകുത്തിച്ചു. ജയലളിത താമസിച്ച നൂറുകോടിയോളം രൂപ വിലമതിക്കുന്ന പോയസ് ഗാര്‍ഡനില്‍നിന്ന് ശശികലയെയും കുടുംബത്തെയും കുടിയിറക്കാനായി പോയസ് ഗാര്‍ഡനെ അമ്മ സ്മാരകമന്ദിരമായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
തുടക്കത്തില്‍ ആറ് ഡസന്‍ എം.എല്‍.എമാര്‍ ഒ. പനീര്‍ ശെല്‍വത്തിനു പിന്തുണയുമായി എത്തിയെങ്കിലും ഇരുപതില്‍പരം എം.എല്‍.എമാരെ അധ്വാനിക്കാതെത്തന്നെ കീഴ്‌പെടുത്താന്‍ പനീര്‍ ശെല്‍വത്തിനു കഴിഞ്ഞു. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ കണ്ണുകള്‍ പരമാവധി എം.പിമാരെ വലിക്കുന്നതിലായിരുന്നു. ഇവര്‍ക്കു കേന്ദ്രമന്ത്രിസ്ഥാനവും ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റുപല വാഗ്ദാനങ്ങളും നല്‍കിയതോടെ എം.പിമാരെ അനായാസം പനീര്‍ ശെല്‍വത്തിന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ശിവസേനയുടെ നിരന്തര ഭീഷണി മുന്നില്‍കണ്ടും ആസന്നമായ രാഷ്ട്രപതി ഭരണത്തെയോര്‍ത്തുമാണ് ബി.ജെ.പി എം.പിമാര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്ന് എം.പിയായ മുന്‍ ബി.ജെ.പി നേതാവ് മൈത്രേയനാണ് ഇതിനു ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനം നേടാനായി 120ഓളം എം.എല്‍.എമാരെ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ച ശശികലയ്ക്കു സുപ്രിംകോടതി വിധിയെ തുടര്‍ന്നു പകരക്കാരനെ കണ്ടെത്തേണ്ടിവന്നു.
അതേസമയം, കൂവത്തൂര്‍ റിസോര്‍ട്ടില്‍ തടവില്‍ കഴിയുന്ന എം.എല്‍.എമാരില്‍ നാല്‍പതോളംപേര്‍ പനീര്‍ ശെല്‍വത്തിന്റെ ഭാഗത്തേക്കു നീങ്ങിയേക്കുമെന്നാണു വിവരം. 18 എം.എല്‍.എമാര്‍ ശെല്‍വംചേരിയില്‍ ചേര്‍ന്നാല്‍പോലും ഡി.എം.കെയും കോണ്‍ഗ്രസ് ഐയും മുസ്‌ലിം ലീഗും സഹായിച്ചാല്‍ പനീര്‍ ശെല്‍വത്തിന് അധികാരം നിലനിര്‍ത്താന്‍ കഴിയും. ഡി.എം.കെയെ സംബന്ധിച്ചിടത്തോളം വീണ്ടും ഭരണത്തിലേറാന്‍ നാലരവര്‍ഷം കാത്തിരിക്കുന്നത് ഒഴിവാക്കി തല്‍ക്കാലം പനീര്‍ ശെല്‍വത്തെ സഹായിച്ച് പിന്നീട് ഭരണം മറിച്ചിടാനാണു പരിപാടി.
ജയലളിതയുടെ മരണത്തിലും
സംശയത്തിന്റെ നിഴല്‍
ജയലളിതയുടെ മരണത്തിനു പിറകില്‍ പലരും ശശികലയുടെ പങ്കിനെ കുറിച്ച് സംശയങ്ങളുന്നയിച്ചു. ഇതിനു പിറകെ പാര്‍ട്ടി ഭരണഘടന തിരുത്തി ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി. ഇടക്കാല മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍ശെല്‍വത്തെക്കൊണ്ട് രാജിവയ്പ്പിച്ച് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കി. ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചുജയിച്ചു മുഖ്യമന്ത്രിയാകാമെന്നായിരുന്നു ചിന്നമ്മയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ പനീര്‍ശെല്‍വവും ശശികലക്കെതിരേ രംഗത്തെത്തിയതോടെ എ.ഐ.ഡി.എം.കെയില്‍ പുതിയ പോര്‍മുഖം തുറന്നു. ഭൂരിപക്ഷം എല്‍.എല്‍.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന ശശികലയുടെ മോഹത്തിനാണ് കോടതിയുടെ നീക്കത്തോടെ അന്ത്യമായിരിക്കുന്നത്.
മന്നാര്‍ഗുഡിയില്‍ നിന്ന്
പോയസ് ഗാര്‍ഡന്‍ വഴി...
ചെന്നൈ: ജയലളിതയുടെ നിഴലില്‍നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ശശികലയുടെ വളര്‍ച്ച അപൂര്‍വതകള്‍ നിറഞ്ഞത്. 'അമ്മ'യുടെ ഉറ്റതോഴിയും വിശ്വസ്തയും രാഷ്ട്രീയ ഉപദേശകയും എല്ലാത്തിലുമുപരി ഉറ്റസുഹൃത്തുമൊക്കെയായി പല വേഷങ്ങളാണ് ശശികല അണിയറയില്‍ അണിഞ്ഞിരുന്നത്.
തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈ പോണ്ടിയില്‍ 1957 ഏപ്രില്‍ ഒന്നിനായിരുന്നു ശശികലയുടെ ജനനം. 1950കളില്‍ കുടുംബം തിരുത്തുറൈ പോണ്ടിയില്‍ നിന്ന് മന്നാര്‍ഗുഡിയിലേക്കു താമസം മാറി. ഇതിനിടക്കു സൗന്ദര്യവും തന്റേടവും കൊണ്ട് നഗരത്തില്‍ ശശികല ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠിപ്പുതുടരാന്‍ നിവൃത്തിയില്ലാതിരിക്കുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാരില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായിരുന്ന എം.നടരാജന്‍ ശശികലയില്‍ കണ്ണിടുന്നത്. ഡി.എം.കെ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന നടരാജന്‍ പാര്‍ട്ടി ആചാര്യന്‍ എം.കരുണാനിധിയുടെ സാന്നിധ്യത്തില്‍ ശശികലയ്ക്കു താലിചാര്‍ത്തുകയും ചെയ്തു.
ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായ 1982ലെ ഗൂഡല്ലൂര്‍ റാലി ജയലളിത-ശശികല ബന്ധത്തിലും നിര്‍ണായകമായി. റാലിയെ വിജയത്തിലെത്തിച്ചത് നടരാജന്റെ മാധ്യമപ്രചാരണ തന്ത്രങ്ങളായിരുന്നു. ഗൂഡല്ലൂര്‍ ജില്ലാ കലക്ടറും ജയലളിതയുടെ ഉറ്റസുഹൃത്തുമായിരുന്ന ചന്ദ്രലേഖയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു നടരാജന്‍. അക്കാലത്താണ് ചന്ദ്രലേഖ നടരാജനെ ജയലളിതയ്ക്കു പരിചയപ്പെടുത്തുന്നത്. ചന്ദ്രലേഖ ചെന്നൈയിലേക്കു ജോലിമാറിയപ്പോള്‍ അവരുടെ ഓഫിസ് ഉദ്യോഗസ്ഥനായി നടരാജനും കൂടെപ്പോയി. കൂടെ ചന്ദ്രലേഖയുടെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഭാര്യ ശശികലയും ചെന്നൈയിലെത്തി.
എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണവിഭാഗത്തിന്റെ ചുമതല മുഖ്യമന്ത്രി എം.ജി.ആര്‍ ഏല്‍പിച്ചിരുന്നത് ജയലളിതയെയായിരുന്നു. ശശികലയുടെ അപേക്ഷപ്രകാരം ചന്ദ്രലേഖ അവരെ ജയലളിതയ്ക്കു പരിചയപ്പെടുത്തി. പാര്‍ട്ടി പരിപാടികള്‍ പകര്‍ത്താനുള്ള അവകാശം നേടിയെടുത്തു.
പാര്‍ട്ടി ചടങ്ങുകള്‍ക്കു പുറമെ ജയലളിതയുടെ സ്വകാര്യ ചടങ്ങുകളുടെയും ഔദ്യോഗിക വിഡിയോഗ്രാഫര്‍ എന്ന നിലയില്‍ തുടങ്ങിയ ബന്ധം ജയലളിതയുടെ വിശ്വസ്ത കൂട്ടാളിയിലേക്ക് അവരെ വളര്‍ത്തി. ക്ഷേത്രങ്ങളിലും രാഷ്ട്രീയ പരിപാടികളിലും എല്ലായിടത്തും ജയലളിതയുടെ നിഴലായി നടന്നു. പതുക്കെ പോയസ് ഗാര്‍ഡനിലെ വീട്ടുകാര്യസ്ഥയായി. എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടിയിലും ഭരണത്തിലും ജയ ശക്തി തെളിയിച്ചതോടെ ശശികല അവരുടെ അനൗദ്യോഗിക രാഷ്ട്രീയ ഉപദേശകപദവിയും വഹിച്ചുതുടങ്ങി.
1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാത്ത ജയലളിതക്ക് ഉപദേശങ്ങള്‍ ശശികലയിലൂടെ നല്‍കിയത് നടരാജനായിരുന്നു. ജയയെ ജനങ്ങള്‍ 'അമ്മ'യായി വാഴിച്ചപ്പോള്‍ ആദരപൂര്‍വം തോഴിയെ അവര്‍'ചിന്നമ്മ' എന്നു വിളിച്ചു.
അധികാരരംഗത്തെ സ്വാധീനകേന്ദ്രമായി മാറിയതിനു പുറമെ പോയസ്ഗാര്‍ഡനിലെ വിവിധ കാര്യങ്ങളുടെ നടത്തിപ്പിനായി 40ഓളം പേരെയാണ് മന്നാര്‍ഗുഡിയില്‍ നിന്ന് ശശികല-നടരാജന്‍ ദമ്പതികള്‍ കൊണ്ടുവന്നത്. ഇതു പില്‍ക്കാലത്ത് 'മന്നാര്‍ഗുഡി മാഫിയ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ജയലളിതയുടെ കുടുംബക്കാരെയും സുഹൃത്തുക്കളെയും പോയസ് ഗാര്‍ഡനില്‍ നിന്ന് അകറ്റിനിര്‍ത്താനും ഇവര്‍ പരമാവധി ശ്രദ്ധിച്ചു.
മുഖ്യമന്ത്രി പദത്തിലെത്തിയ 1991ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും ഫണ്ടുകളും അങ്ങനെ നടരാജന്മാര്‍ കൈകാര്യം ചെയ്തു. വിവിധ ആവശ്യങ്ങളുമായി സമീപിച്ച പാര്‍ട്ടി നേതാക്കളോട് ജയലളിത ശശികലയെ കാണാന്‍ പറയുക പോലും ചെയ്തു.
നിഴല്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന ഈ ബന്ധം ശശികലയുടെ അനന്തരവന്‍ സുധാകരനെ ജയ തന്റെ വളര്‍ത്തുപുത്രനാക്കുന്നിടത്തേക്കു വളര്‍ന്നു. തമിഴ് നടന്‍ ശിവാജി ഗണേഷന്റെ മകളുമായുള്ള സുധാകരന്റെ വിവാഹത്തിനായി ജയ വാരിവിതറിയത് കോടികളായിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ചയാക്കി.
മന്നാര്‍ഗുഡി മാഫിയ ഭരണത്തില്‍ നിയന്ത്രണമുറപ്പിച്ചതോടെ തമിഴ് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിത്തുടങ്ങി. 1996ല്‍ ഡി.എം.കെയുടെ സണ്‍ ടി.വിക്കു ബദലായി ജയ ടി.വി ആരംഭിച്ചു.
ശശികലയുടെ അമ്മാവന്‍ വി. ഭാസ്‌കരനായിരുന്നു ചാനലിന്റെ എം.ഡി. തുടര്‍ന്നാണ് ചാനലിനായി 8.3 കോടി വിലമതിക്കുന്ന 45, 302 കളര്‍ ടി.വികള്‍ വാങ്ങാനായി ജയലളിത അനുമതി നല്‍കുന്നത്. 1996ല്‍ 'കളര്‍ ടി.വി' അഴിമതിക്കേസില്‍പെട്ട് ജയലളിത അധികാരത്തില്‍നിന്നു പുറത്തായി.
കേസിന്റെ നാള്‍വഴികള്‍
= 1996 ജൂണ്‍ 14: ചെന്നൈയിലെ ജില്ലാ കോടതിയില്‍ ജയലളിതയ്‌ക്കെതിരേ സുബ്രഹ്മണ്യന്‍ സ്വാമി കേസ് കൊടുത്തു.
= ജൂണ്‍ 18: കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചു.
= ജൂണ്‍ 21: അന്വേഷണം നടത്താന്‍ പൊലിസിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു.
= ഡിസംബര്‍ ഏഴ്: ജയലളിത അറസ്റ്റിലായി. ആഴ്ചകള്‍ക്കു ശേഷം മോചനം.
= 1997: ചെന്നൈയിലെ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ജയലളിതയ്ക്കും മറ്റു മൂന്നുപേര്‍ക്കുമെതിരേ കേസ് നടപടികള്‍ തുടങ്ങി.
= ജൂണ്‍ നാല്: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതിനിരോധനിയമവും പ്രകാരം കുറ്റപത്രം നല്‍കി.
= ഒക്ടോബര്‍ ഒന്ന്: തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ എം. ഫാത്തിമാബീവി അനുമതി കൊടുത്തതിനെ ചോദ്യംചെയ്ത് ജയലളിത സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.
= 2000 ഓഗസ്റ്റ്: പ്രോസിക്യൂഷന്‍ 250 സാക്ഷികളെ വിസ്തരിച്ചു.
= 2001 മെയ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെക്കു ഭൂരിപക്ഷം, ജയലളിത വീണ്ടും മുഖ്യമന്ത്രി.
= 2001 സെപ്റ്റംബര്‍: ചെറുകിട വ്യവസായ കോര്‍പറേഷനുമായി(താന്‍സി) ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തപ്പെട്ടതിനാല്‍ മുഖ്യമന്ത്രി നിയമനം സുപ്രിം കോടതി അസാധുവാക്കി.
= 2002 ഫെബ്രുവരി: താന്‍സി കേസില്‍ കുറ്റവിമുക്തയായ ജയലളിത ആണ്ടിപ്പട്ടി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു, വീണ്ടും മുഖ്യമന്ത്രി.
മൂന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സീനിയര്‍ കൗണ്‍സലും രാജിവച്ചു, പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറി.
= 2003 ഫെബ്രുവരി 28: അനധികൃത സ്വത്തുസമ്പാദന കേസ് വിചാരണ ചെന്നൈയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേതാവ് കെ. അന്‍പഴകന്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
=നവംബര്‍ 18: കേസ് ബംഗളൂരുവിലേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്.
= 2005 ഫെബ്രുവരി 19: മുന്‍ അഡ്വക്കറ്റ് ജനറല്‍ ബി.വി ആചാര്യയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു.
= 2006 മെയ് 11: തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍.
= ജനുവരി 22: കേസില്‍ വിചാരണയ്ക്കു സുപ്രിം കോടതിയുടെ അനുമതി, വിചാരണ തുടങ്ങുന്നു.
= 2010 ഡിസംബര്‍-2011 ഫെബ്രുവരി: സാക്ഷികളെ പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കുന്നു.
= 2011 മെയ് 16: ജലയളിത വീണ്ടും മുഖ്യമന്ത്രി.
= 2011 ഒക്ടോബര്‍ 20, 21, നവംബര്‍ 22, 23: ജയലളിത ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരായി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.
= 2012 ഓഗസ്റ്റ് 12: പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയാന്‍ ആചാര്യ താല്‍പര്യം പ്രകടിപ്പിച്ചു.
= 2013 ഫെബ്രുവരി: ജി. ഭവാനി സിങ്ങിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
= ഓഗസ്റ്റ് 23: ഭവാനി സിങ്ങിന്റെ നിയമനത്തെ ചോദ്യംചെയ്ത അന്‍പഴകന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
= ഓഗസ്റ്റ് 26: കാരണം കാണിക്കാതെയും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആലോചിക്കാതെയും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് ഭവാനി സിങ്ങിനെ കര്‍ണാടക സര്‍ക്കാര്‍ മാറ്റി.
= സെപ്റ്റംബര്‍ 30: ഭവാനി സിങ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി പരിഗണിച്ചു, അദ്ദേഹത്തെ മാറ്റിയ നടപടി റദ്ദാക്കി.
പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണന്‍ വിരമിച്ചു.
= 2014 ഓഗസ്റ്റ് 28: വിചാരണ തീര്‍ന്നു. വിധി സെപ്റ്റംബര്‍ 20നു പ്രഖ്യാപിക്കാന്‍ കോടതി നിശ്ചയിച്ചു. സുരക്ഷാ കാരണത്താല്‍ വിധി പ്രഖ്യാപനസ്ഥലം മാറ്റണമെന്നു ജയലളിത സുപ്രിം കോടതിയില്‍ അഭ്യര്‍ഥിച്ചു.
= സെപ്റ്റംബര്‍ 16: വിധിപ്രഖ്യാപനത്തില്‍ പരപ്പന അഗ്രഹാര ജയില്‍ പരിസരത്തു പ്രത്യേക കോടതി പ്രവര്‍ത്തിക്കാമെന്ന് സുപ്രിം കോടതി നിര്‍ദേശം. വിധി സെപ്റ്റംബര്‍ 27നു പ്രഖ്യാപിക്കാന്‍ നീക്കം.
= സെപ്റ്റംബര്‍ 27: ജയലളിതയ്ക്ക് നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്കു നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും.
= സെപ്റ്റംബര്‍ 29: ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചു
= ഒക്ടോബര്‍ ഒന്ന്: കോടതി ജാമ്യഹരജി സ്വീകരിച്ചില്ല, ആറുദിവസത്തേക്കു കൂടി കേസ് നീട്ടി.
= ഒക്ടോബര്‍ ഏഴ്: കര്‍ണാടക ഹൈക്കോടതി ജാമ്യഹരജി തള്ളി.
= ഒക്ടോബര്‍ 17: സുപ്രിം കോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കി.
= 2015 മെയ് 11: എല്ലാ അഴിമതി കേസുകളില്‍നിന്നും ജയലളിതയെ കുറ്റവിമുക്തയാക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവ്.
= മെയ് 23: ജയലളിത വീണ്ടും മുഖ്യമന്ത്രി.
= 2016 ഡിസംബര്‍ അഞ്ച്: ജയലളിത അന്തരിച്ചു.
= 2017 ഫെബ്രുവരി 14: ശശികലയും കൂട്ടാളികളും കുറ്റക്കാരാണെന്നു കണ്ടെത്തി സുപ്രിം കോടതി ഉത്തരവ്, മരണത്തെ തുടര്‍ന്ന് ജയലളിതക്കെതിരായ കേസുകള്‍ അവസാനിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."