യൂറോപ്പ് ലീഗ് പോരാട്ടങ്ങള്‍ ആവേശകരമാകുന്നു
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ സ്വന്തം തട്ടകത്തില്‍ വലന്‍സിയയെ വീഴ്ത്തി.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പതാക്കി കുറയ്ക്കാനും അത്‌ലറ്റിക്കോയ്ക്ക് സാധിച്ചു.
22 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 58 പോയിന്റുമായി ബാഴ്‌സലോണ തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇത്രയും കളികളില്‍ നിന്ന് 49 പോയിന്റുമായി സിമിയോണിയുടെ സംഘം രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി വലന്‍സിയ മൂന്നാമതും 39 പോയിന്റോടെ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തിലാണ് വലന്‍സിയയെ വീഴ്ത്തി അത്‌ലറ്റിക്കോ നിര്‍ണായക പോയിന്റ് സ്വന്തമാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 59ാം മിനുട്ടില്‍ ബ്രസീല്‍ താരം കൊറേയയാണ് അത്‌ലറ്റിക്കോയ്ക്കായി വല ചലിപ്പിച്ചത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ എസ്പാന്യോളുമായി 1-1ന് സമനിലയില്‍ പിരിഞ്ഞതും അത്‌ലറ്റിക്കോയുടെ പോയിന്റ് വ്യത്യാസം കുറയ്ക്കുന്നതിന് സഹായകമായി.
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നാപോളി
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ നാപോളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എവേ പോരാട്ടത്തില്‍ നാപോളി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെനവെന്റോയെ കീഴടക്കി. കഴിഞ്ഞ ദിവസം നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് 7-0ത്തിന് സസോളോയെ വീഴ്ത്തി ഉജ്ജ്വല വിജയം പിടിച്ച് നോപോളിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു.
പിന്നാലെ നടന്ന മത്സരത്തില്‍ വിജയം നാപോളി പിടിച്ചതോടെ നിലവിലെ ചാംപ്യന്‍മാര്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്കിറങ്ങുകയായിരുന്നു. മെര്‍ടെന്‍സ്, മരക് ഹംസിക് എന്നിവരുടെ ഗോളുകളാണ് നാപോളിക്ക് ജയമൊരുക്കിയത്. 23 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാപോളിക്ക് 60ഉം യുവന്റസിന് 59ഉം പോയിന്റ്.
ഒന്നും രണ്ടും സ്ഥാനത്തുള്ള ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കിരീടത്തിനായി നടക്കുന്നത്. മൂന്നാമതുള്ള ലാസിയോക്ക് 46 പോയിന്റുകളാണുള്ളത്.
മൊണാക്കോ മൂന്നാം സ്ഥാനത്തേക്ക് കയറി
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോ നിര്‍ണായക വിജയം സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഒളിംപിക് ലിയോണിനെ 3-2ന് പരാജയപ്പെടുത്തിയാണ് മൊണാക്കോ സ്ഥാനം ഉയര്‍ത്തിയത്.
രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സ്വന്തം തട്ടകത്തില്‍ മൊണാക്കോ മൂന്ന് ഗോളടിച്ച് മത്സരം സ്വന്തം വരുതിയിലേക്ക് മാറ്റിയത്. ക്യാപ്റ്റന്‍ റഡാമല്‍ ഫാല്‍ക്കാവോ, ബാല്‍ഡെ, റോണി ലോപസ് എന്നിവരാണ് മൊണാക്കോയ്ക്കായി വല ചലിപ്പിച്ചത്.
62 പോയിന്റുമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നില്‍. അതേസമയം മൊണാക്കോ 50 പോയിന്റുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഒളിംപിക് മാഴ്‌സയ്ക്ക് 51 പോയിക്കള്‍. ഇരു ടീമുകളും തമ്മില്‍ ഒറ്റ പോയിന്റ് വ്യത്യാസം.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ കരുത്തരായ നീസിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ടോളൗസും നാന്റസിനെ സീന്‍ 3-2നും കീഴ്‌പ്പെടുത്തി.
ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ടോട്ടനം
ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ ലിവര്‍പൂളിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച് ടോട്ടനം ഹോട്‌സ്പര്‍. 2-2നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ഇരട്ട ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമദ് സലാഹ് കളം നിറഞ്ഞു.
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തു. മത്സരം ലിവര്‍പൂള്‍ വിജയിക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് 80ാം മിനുട്ടില്‍ ടോട്ടനം വന്‍യമയിലൂടെ സമനില പിടിച്ചു. 90 മിനുട്ട് കഴിഞ്ഞ് ഇഞ്ച്വറി ടൈമിലേക്ക് കടന്ന മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ മുഹമദ് സലാഹ് തന്റെ രണ്ടാം ഗോളിലൂടെ വീണ്ടും ലിവര്‍പൂളിനെ മുന്നിലെത്തിച്ചു.
മത്സരത്തില്‍ ഒരിക്കല്‍ കൂടി വിജയ പ്രതീക്ഷ ജനിച്ച ലിവര്‍പൂളിന് അവസാന നിമിഷം വഴങ്ങേണ്ടി വന്ന പെനാല്‍റ്റി പക്ഷേ സമനില കുരുക്കായി മാറി. ഇഞ്ച്വറി ടൈമിന്റെ ആറാം മിനുട്ടില്‍ ഹാരി കെയ്ന്‍ പെനല്‍റ്റി കിക്ക് വലയിലാക്കി ടോട്ടനത്തെ ഒപ്പമെത്തിച്ചു. വിജയിച്ചിരുന്നെങ്കില്‍ ടോട്ടനത്തിന് ചെല്‍സിയെ പിന്തള്ളി നാലാം സ്ഥാനം സ്വന്തമാക്കാമായിരുന്നു. ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."