പച്ചക്കറിയില്‍ 'വിജയക്കൃഷി'യൊരുക്കി സുരേഷ്
തളിപ്പറമ്പ്: പച്ചക്കറി കൃഷി നഷ്ടമാണെന്ന് പറയുന്നവര്‍ ഒരുതവണയെങ്കിലും കരിമ്പം പനക്കാട്ടെ കരിക്കന്‍ സുരേഷിന്റെ കൃഷിയിടം സന്ദര്‍ശിക്കണം..25 വര്‍ഷമായി ജീവിതത്തിന്റെ ഭാഗമാക്കി തുടരുന്ന കൃഷിയില്‍ നഷ്ടം എന്തെന്ന് അറിഞ്ഞിട്ടില്ലെന്നാണ് സുരേഷ് പറയുന്നത്. പത്തോളം പച്ചക്കറികളും, തെങ്ങും, വാഴയുമെല്ലാം സമ്മിശ്രമായാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇത്തവണ രണ്ടേക്കര്‍ സ്ഥലത്ത് നട്ട പച്ചക്കറികളില്‍ മിക്കതും വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു.
സഊദിയിലെ ദുരിതജീവിതം മതിയാക്കി നാട്ടിലെത്തിയതിന് ശേഷമാണ് മുഴുവന്‍ സമയ കാര്‍ഷികവൃത്തിയിലേക്ക് ഇദ്ദേഹം തിരിഞ്ഞത്. ചെറുപ്പത്തില്‍ കൃഷിയിലുണ്ടായ താല്‍പര്യം ജീവിതത്തിന്റെ ഭാഗമാക്കിതീര്‍ത്ത് ഇരുപത്തഞ്ച് വര്‍ഷമായി തുടരുന്ന കാര്‍ഷിക സപര്യ ഇന്നും തുടരുന്നു. സ്വന്തമായി 30 സെന്റ് സ്ഥലം മാത്രമാണുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്തില്‍ പാവയ്ക്ക, പടവലം, കുമ്പളം, മത്തന്‍, പയര്‍, താലോരി,ചീര, ചെരങ്ങ തുടങ്ങി പത്തോളം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞാലുടന്‍ ഇവിടെ വാഴകൃഷി ആരംഭിക്കും. നേന്ത്രവാഴ, പൂവന്‍, റോബസ്റ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വൈകുന്നേരമാണ് പ്രധാനമായും പരിപാലത്തിനിറങ്ങുന്നത്.
2016-17 വര്‍ഷത്തെ മികച്ച യുവകര്‍ഷകനുള്ള കുറുമാത്തൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ദീപ്തിയും മക്കളായ ഋതുപര്‍ണയും, അന്‍വിതയും എല്ലാ സഹായങ്ങളുമായി സുരേഷിനൊപ്പമുണ്ട്. തന്റെ കൃഷിയിടത്തില്‍നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ പരമ്പരാഗത രീതിയില്‍ സംസ്‌കരിച്ച് മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."