സര്‍ക്കാരുകള്‍ ജനങ്ങളെ പൊറുതിമുട്ടിക്കാന്‍ മത്സരിക്കുന്നു: ഡോ.എം.കെ.മുനീര്‍
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുന്നതില്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുന്‍ മന്ത്രിയും യു.ഡി.എഫ് മേഖലാ ജാഥ ലീഡറുമായ ഡോ. എം.കെ മുനീര്‍. അരിയില്ല, പണിയില്ല, പണമില്ല , വെള്ളമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് നടത്തുന്ന മേഖല ജാഥയുടെ പേരാമ്പ്രയിലെ സ്വീകരണത്തിനിടെ ഗസ്റ്റ്ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.
കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയ നടപടി സാധാരണക്കാര്‍ക്കുണ്ടാക്കിയ പ്രയാസങ്ങളും ദുരിതവും വിവരണാധീതമാണ്. കള്ളപണം തടയാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞുറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കിയതോടെ രണ്ടായിരത്തിന്റെ കള്ളനോട്ട് രാജ്യമെങ്ങും വ്യാപകമായി. ഇതെങ്ങനെ വന്നുവെന്ന് ബി.ജെ.പിയും മോദി സര്‍ക്കാരും വിശദീകരിക്കണം. കേന്ദ്രത്തില്‍ ഫാസിസ്റ്റ് ഭീകരതയും സംസ്ഥാനത്ത് സി.പി.എം ഭീകരതയും കാരണം ജനങ്ങള്‍ ഭയന്ന് കഴിയുകയാണ്. രാജ്യത്ത് ഐ.എസ് ചാരന്‍മാരില്‍ ബി.ജെ.പി നേതാക്കളുമുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ പാക്കിസ്താന് ചോര്‍ത്തി കൊടുക്കുന്ന ഒറ്റുകാരുടെ പണിയാണ് ബി.ജെ.പി ചെയ്യുന്നത്.
ജാഥാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. സുബ്രഹ്മണ്യന്‍, സി മോയിന്‍കുട്ടി, കെ. ശങ്കരന്‍, എം.എ റസാക്ക്, കെ. ബാലനാരായണന്‍, കെ. സജീവന്‍, എസ്.കെ അസ്സയിനാര്‍, എസ്.പി കുഞ്ഞമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."