വെള്ളരിക്കൃഷിയില്‍ നൂറുമേനി വിളവ്: മാതൃകയായി വീട്ടമ്മമാര്‍
അമ്പലത്തറ: അദ്ധ്വാനം മാത്രം മുതല്‍ മുടക്കാക്കി വെള്ളരി കൃഷി ചെയ്ത് നൂറുമേനി കൊയ്ത വീട്ടമ്മമാര്‍ മാതൃകയാകുന്നു. വിളവെടുത്ത വെള്ളരി വിറ്റ് ലാഭമുണ്ടാക്കുന്നതിനു പകരം സ്വന്തം ഭക്ഷണാവശ്യത്തിനും കൂടാതെ അയല്‍വാസികള്‍ക്കും നല്‍കി സൗഹൃദത്തിന്റെ പുതിയ പാത തുറക്കുകയാണിവര്‍.
അമ്പലത്തറ മുതിരക്കാല്‍ കാരുണ്യ കുടുംബശ്രീയിലെ അംഗങ്ങളായ സ്മിത, നീതു, നിഷ, ജിഷ എന്നിവരാണ് മുതല്‍ മുടക്കില്ലാതെ അദ്ധ്വാനം കൊണ്ടു മാത്രം കൃഷി നടത്തുവാന്‍ കഴിയുമെന്ന് തെളിയിക്കുന്നത്. കൃഷിക്കായി വയല്‍ സൗജന്യമായി നല്‍കാന്‍ ഉടമ തയാറായപ്പോഴാണ് മുതല്‍ മുടക്കില്ലാതെ കൃഷി നടത്തുക, വിളവെടുത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് കൊടുക്കാതെ സ്വന്തം നാട്ടില്‍ വിതരണം ചെയ്യുക എന്നീ ആശയങ്ങള്‍ ഉയര്‍ന്നു വന്നത്.
ഈ ആശയം മുറുകെപ്പിടിച്ച് പ്രയത്‌നിച്ചപ്പോള്‍ അതിന്റെ ഫലം കണ്ടു. വിളവെടുപ്പില്‍ രണ്ട് ക്വിന്റല്‍ വെള്ളരിയാണ് ലഭിച്ചത്. ഇത് നാലുപേര്‍ കൂടി പങ്കിട്ടു. തീര്‍ത്തും ജൈവ രീതിയിലാണ് കൃഷി ചെയ്തത്. ഇതിനുള്ള ജൈവവളം തയാറാക്കിയതും ബന്ധുക്കള്‍ കൂടിയായ നാലുപേര്‍ തന്നെ. പച്ചിലയും ചാണകവും ചേര്‍ത്താണ് വളമുണ്ടാക്കിയത്.
വിളവെടുത്ത വയലില്‍ ഇതേ രീതിയില്‍ വീണ്ടും കൃഷി ചെയ്യാനൊരുങ്ങുകയാണിവര്‍. വെള്ളരിക്കക്ക് പുറമെ മറ്റ് പച്ചക്കറികളും ഇതിനോടൊപ്പം കൃഷി ചെയ്യുന്നുണ്ട്.
ആദ്യ കൃഷിയില്‍ ലഭിച്ച വിളവിന്റെ പിന്‍ബലത്തില്‍ ഇനിയും കൃഷിയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ഈ പെണ്‍കൂട്ടായ്മയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."