എടച്ചേരിയില്‍ ഭക്ഷ്യവിഷബാധ; ഒട്ടേറെ പേര്‍ ചികിത്സ തേടി
ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് നല്‍കിയ ചോറിലാണ് വിഷബാധ
എടച്ചേരി: എടച്ചേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. മര്‍ഹൂം മലോല്‍ കുഞ്ഞബ്ദുല്ല മുസ് ലിയാര്‍ മഖാമിലെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കാലത്ത് മുതല്‍ ഉച്ചവരെ സ്ത്രീകള്‍ക്കായി നല്‍കിയ ചോറിലാണ് വിഷബാധ.
വടകര തലൂക്കിലെ കുറ്റ്യാടി, കല്ലാച്ചി, നാദാപുരം, വില്യാപ്പളളി, ഓര്‍ക്കാട്ടേരി മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് സ്ത്രീകളാണ് ഭക്ഷണം വാങ്ങാനെത്തിയിരുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ഭക്ഷണംകഴിച്ച വീട്ടുകാര്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കഠിനമായ വയറ് വേദനയും, വയറിളക്കവും അനുഭവപ്പെട്ടത്. അവശരായ ആളുകള്‍ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിയതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് ബോധ്യപ്പെട്ടത്.
ഇന്നലെ കാലത്ത് ആറോടെ സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ മേഖലയിലെ വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. കൂടുതല്‍ അവശത അനുഭവപ്പെട്ട പ്രായമായവരെയും കുട്ടികളെയും മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് ആശുപത്രിയില്‍ നിന്നു വിട്ടയച്ചത്. കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രി, കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രി, ഓര്‍ക്കാട്ടേരി സഹകരണ ആശുപത്രി, നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രി, ഓര്‍ക്കാട്ടേരി സര്‍ക്കാര്‍ ആശുപത്രി, വടകര ആശ, സഹകരണ, വില്യാപ്പളളി എന്നിവിടങ്ങളിലാണ് ജനങ്ങള്‍ ചികിത്സ തേടിയത്. ഓര്‍ക്കാട്ടേരി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സക്കെത്തിയത്. ഇവിടെ രോഗികളെ പരിചരിക്കാന്‍ പുറത്തുനിന്നു നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വിളിച്ചുവരുത്തുകയായിരുന്നു.
കാലത്ത് ആറു മുതല്‍ ഉച്ച വരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വിഷബാധയേറ്റവരുടെ പ്രവാഹമായിരുന്നു. പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധസംഘടനകളും രോഗികളെ സഹായിക്കാനെത്തിയിരുന്നു. ആശുപത്രിയില്‍ ലഭ്യമല്ലാത്ത അത്യാവശ്യമരുന്നുകള്‍ പുറത്ത് നിന്നുമെത്തിച്ചത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകാരാണ്.
അതേസമയം വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മഖാമിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെ മഖാമിനോട് ചേര്‍ന്ന പറമ്പില്‍ ഒരുക്കിയ പാചകപ്പുരയില്‍ പാചകം തുടങ്ങിയിരുന്നു. ഏകദേശം 20 ക്വിന്റല്‍ അരിയാണ് ഭക്ഷണത്തിന് ഉപയോഗിച്ചത്.
ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടവരുടെ വീട്ടില്‍ നിന്നു ബാക്കി വന്ന ഭക്ഷണം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ പുരുഷന്മാര്‍ക്കായി വിതരണം ചെയ്യാനുളള പകുതിയോളം ഭക്ഷണവും പാകംചെയ്തിരുന്നു. ഏകദേശം പതിനാറ് ചെമ്പ് ബിരിയാണിയാണ് തയാറാക്കിയിരുന്നത്. ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ഈ ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."