മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സ്ഥലമേറ്റെടുക്കാന്‍ സമ്മതപത്രം നല്‍കാനുള്ളത് ഇരുനൂറോളം പേര്‍
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കാന്‍ ഇനിയും സമ്മതപത്രം നല്‍കാനുള്ളത് ഇരുനൂറോളം പേര്‍. ആകെയുള്ള 420ല്‍ 222 പേര്‍ ഇതിനകം രേഖകളടക്കം സമ്മതപത്രം കൈമാറിയിട്ടുണ്ട്. 8.4 കിലോമീറ്റര്‍ നീളമുള്ള റോഡിനാവശ്യമായ 714 ഹെക്ടര്‍ സ്ഥലത്തില്‍ 90 ശതമാനത്തോളം ഏറ്റെടുത്തുകഴിഞ്ഞു.
ഏറ്റെടുത്ത സ്ഥലത്തിനാവശ്യമായ 60 കോടി നല്‍കിക്കഴിഞ്ഞെന്നും നിലവില്‍ 100 കോടിയുടെ ആധാരങ്ങള്‍ കൈവശമുണ്ടെന്നും റവന്യു, റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സ്ഥലം വിട്ടുനല്‍കുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടി എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2014ല്‍ സ്ഥലമേറ്റെടുക്കലിനായി പ്രത്യേകം നിലവിലുള്ള റീച്ച് അടിസ്ഥാനത്തിലായിരിക്കും വില ഈടാക്കുക.
ഇനിയും ഏറ്റെടുക്കാനുള്ള ഭൂമിക്കുള്ള 285 കോടി രൂപയുടെ പ്രൊപോസല്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതു പരമാവധി ഉപയോഗപ്പെടുത്തണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.
സ്ഥലം നല്‍കുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 6,000 രൂപ വീതം ആറു മാസവും ആനുകൂല്യം നല്‍കുന്നതിനുള്ള തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിട്ടുനല്‍കുന്ന സ്ഥലത്തിന് അനുബന്ധമായ സ്ഥലത്തു നിര്‍മാണ പ്രവൃത്തി നടത്തുന്നതിന് ഇളവുകള്‍ നല്‍കുന്ന കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും. സ്ഥലം വിട്ടുനല്‍കുന്ന മുറയ്ക്ക് എത്രയും വേഗത്തില്‍ പണം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഡിനു സ്ഥലം വിട്ടുനല്‍കുന്നതോടെ കിടപ്പാടം നഷ്ടപ്പെടുന്ന നാലു കുടുംബങ്ങളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് എം.എല്‍.എ അറിയിച്ചു. സ്ഥലം വിട്ടുനല്‍കുന്നവരുടെ സംശയങ്ങള്‍ റവന്യു, റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ ദൂരീകരിച്ചു.
എ.ഡി.എം ടി. ജനില്‍കുമാര്‍, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോഡിനേറ്റര്‍ കെ. ലേഖ, സ്‌പെഷല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍ പിള്ള, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."