പൊലിസ് ശിക്ഷ നടപ്പാക്കുന്നത് അനുവദനീയമല്ല: മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: കമ്മിഷനിലെത്തുന്ന പരാതികളില്‍ 20 ശതമാനം പൊലിസ് അതിക്രമങ്ങളെക്കുറിച്ചാണെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ്. പൊലിസ് കേസെടുക്കുകയല്ലാതെ ശിക്ഷ നടപ്പാക്കുന്നത് അനുവദനീയമല്ല. ഇത്തരം സംഭവങ്ങളില്‍ ശക്തമായ അച്ചടക്ക നടപടി വേണമെന്നും സ്ഥലംമാറ്റം കൊണ്ടുമാത്രം പരിഹാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 100 കേസുകള്‍ പരിഗണിച്ചതില്‍ 45 കേസുകളിലാണ് കക്ഷികള്‍ ഹാജരായത്. 12 കേസുകളില്‍ ഉത്തരവായി. ആറ് പുതിയ പരാതികള്‍ സ്വീകരിച്ചു. 2013-14 കാലത്ത് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ മുഖേന വാങ്ങിയ മരുന്നുകളില്‍ വലിയൊരു ഭാഗം നിലവാരം കുറഞ്ഞവയായിരുന്നുവെന്ന പരാതിയില്‍ മാര്‍ച്ച് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോട് കമ്മിഷന്‍ ഇടക്കാല ഉത്തരവിട്ടു.
നിലവാരം കുറഞ്ഞ മരുന്നുകള്‍ ഏതൊക്കെ, എത്രകാലം വിതരണംചെയ്തുവെന്ന് വകുപ്പ് വ്യക്തമാക്കണം. കേസില്‍ ആവശ്യമായ രേഖകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്നില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. നിലവാരമില്ലെന്ന ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ അറിയിപ്പ് അവഗണിച്ചതായും മരുന്ന് വിതരണം ചെയ്തുകഴിഞ്ഞെന്ന് മറുപടി നല്‍കിയതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടവയില്‍ കമ്മിഷനില്‍ പരാതി നല്‍കിയാല്‍ത്തന്നെ പരിഹാരമാവുന്നുണ്ട്. അതേസമയം, പരാതിപ്പെട്ടാലോ ജനങ്ങള്‍ക്ക് നീതികിട്ടൂ എന്നത് ശരിയല്ലെന്നും ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."