ഉദ്യോഗാര്‍ഥികളെ വലച്ച് സ്റ്റാഫ് നഴ്‌സ് പരീക്ഷ
കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് കഴിഞ്ഞ ശനിയാഴ്ച പി.എസ്.സി നടത്തിയ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പരീക്ഷയിലെ ചോദ്യങ്ങള്‍ സിലബസിനു പുറത്തുള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍. ഇതു ചൂണ്ടിക്കാണിച്ച് പരീക്ഷയെഴുതിയവര്‍ പി.എസ്.സിക്ക് കത്തെഴുതി. മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് നിയമനത്തിന് നടന്ന പരീക്ഷയിലാണ് സിലബസിനു പുറത്തുള്ള ചോദ്യങ്ങള്‍ വന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ജി.എന്‍.എം യോഗ്യതയും അതിനു മുകളിലുള്ളവരുമാണ് പരീക്ഷയെഴുതിയത്. പരീക്ഷയുടെ സിലബസ് ജനറല്‍ നഴ്‌സിങ് അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. എന്നാല്‍ എം.എസ്.സി നഴ്‌സിങ്ങിനേക്കാള്‍ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നതെന്നും ഇതിനാല്‍ വിജയശതമാനം കുറയുമെന്നും പരീക്ഷാര്‍ഥികള്‍ പറയുന്നു.
പകുതിയോളം ചോദ്യങ്ങള്‍ക്കും ബി.എസ്.സി നഴ്‌സിങ് പഠിച്ചവര്‍ക്കുപോലും ഉത്തരമെഴുതാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. വിദേശത്ത് നഴ്‌സുമാരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ ജി.എന്‍.എം പഠിച്ചവരുടെ ഏക ആശ്രയം പി.എസ്.സി വഴിയുള്ള നിയമനമാണെന്നും ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലെ അധ്യാപകര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയെ കൊണ്ട് പി.എസ്.സി ചോദ്യപേപ്പര്‍ പരിശോധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത്രയേറെ പ്രയാസമുള്ള ചോദ്യങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."