അധ്യാപികയ്ക്കെതിരായ നടപടി: ന്യൂനപക്ഷ കമ്മീഷന് തെളിവെടുത്തു
മലപ്പുറം: സുല്ലമുസ്സലാം അറബിക് കോളജില്‍ നിന്ന് അധ്യാപികയെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് പരാതിക്കാരിയില്‍ നിന്നു തെളിവെടുത്തു. ജില്ലാ പഞ്ചായത്തു മിനി സമ്മേളന ഹാളില്‍ ചേര്‍ന്ന സിറ്റിങില്‍ കമ്മിഷന് ചെയര്മാന് അഡ്വ.എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ.വി.വി. ജോഷി, അഡ്വ.കെ.പി. മറിയുമ്മ എന്നിവര്‍ പരാതിക്കാരിയെ വിചാരണ ചെയ്യുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു. എതിര്‍കക്ഷി ഹാജരാകാത്തതിനാല്‍ കേസ് എക്സ് പാര്‍ട്ടി വിധിക്കായി മാറ്റി.
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച തിരൂര്‍ തൃപ്രങ്ങോട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കു സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് സ്കോളര്‍ഷിപ്പു നല്‍കിയില്ലെന്ന പരാതിയില്‍ കമ്മിഷന് കോര്‍പറേഷനോട് വിശദീകരണം തേടി. ചീക്കോട് പഞ്ചായത്തില്‍ സ്വന്തം ഉടമാവകാശത്തിലുള്ള വീടിനു പഞ്ചായത്തു നികുതി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം അര്‍ഹമാണെങ്കില്‍ നികുതി സ്വീകരിക്കാന്‍ പഞ്ചായത്തിനു നിര്‍ദേശം നല്കി.
കമ്മിഷന്റെ പരിഗണനയിലുള്ള ഏതാനും പരാതികളില്‍ പൊലിസ് കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷനിലെ പരാതി തീര്‍പ്പാക്കി. സിറ്റിങില്‍ പരിഗണിച്ച 13 പരാതികളില്‍ എട്ടെണ്ണം തീര്‍പ്പാക്കി. പുതുതായി മൂന്നു പരാതികള്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."