എന്‍.ഐ.ടി ഗവേഷക വിദ്യാര്‍ഥിനിയുടെ മരണം: സെഷന്‍സ് കോടതി നടപടികള്‍ക്ക് സ്റ്റേ
കൊച്ചി: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ഥിനി ഇന്ദു ട്രെയിന്‍ യാത്രക്കിടെ പെരിയാറില്‍ വീണുമരിച്ച കേസില്‍ എറണാകുളം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു.
കേസില്‍ പ്രതിയായ സഹയാത്രികനും എന്‍.ഐ.ടി അധ്യാപകനുമായ സുഭാഷിനെതിരേ അന്വേഷണ സംഘം ചുമത്തിയ പീഡനക്കുറ്റം കോടതി ഒഴിവാക്കിയതിനെതിരേ യുവതിയുടെ പിതാവ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയായ യുവതി 2011 ഏപ്രില്‍ 23 നാണ് പെരിയാറില്‍ വീണ് മരിച്ചത്. ഇന്ദുവിന്റെ വിവാഹം മറ്റൊരാളുമായി നടക്കാനിരിക്കെയായിരുന്നു സംഭവം.
ഇന്ദുവിനോട് അടുപ്പമുണ്ടായിരുന്ന സുഭാഷ്, വിവാഹ വിവരം അറിഞ്ഞ് ഇരുവരും ഒന്നിച്ചുള്ള ട്രെയിന്‍ യാത്രക്കിടെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതി സുഭാഷിനെതിരേ പീഡനം, കൊലക്കുറ്റം തുടങ്ങിയവ ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് തുടര്‍ നടപടിക്കായി കേസ് മാറ്റി. പിന്നീട് കേസ് റദ്ദാക്കാന്‍ സുഭാഷ് നല്‍കിയ ഹരജിയില്‍ മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി കോടതി പീഡനക്കുറ്റം ഒഴിവാക്കിയിരുന്നു. കീഴ്‌ക്കോടതിയുടെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."