സംസ്ഥാനത്ത് അറുപതിലേറെ പേര് ഹജ്ജ് യാത്ര റദ്ദാക്കി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് അവസരം ലഭിച്ച അറുപതിലേറെ പേര് യാത്ര റദ്ദാക്കി. ഹജ്ജിന്റെ ഒന്നാം ഗഡു പണം അടക്കുന്നതിന് മുന്‍പായി തന്നെ യാത്ര റദ്ദാക്കുന്നതായി ഇവര്‍ ഹജ്ജ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സാമ്പത്തിക - ശാരീരിക പ്രശ്നങ്ങളാലാണ് ഇവര്‍ യാത്ര റദ്ദാക്കിയത്. അവസരം ലഭിച്ചവര്‍ ഒന്നാം ഗഡുവായ 81,000 രൂപ ഈ മാസം 12നുള്ളില്‍ അടക്കണമെന്നാണ് നിര്‍ദേശം. വിമാന ടിക്കറ്റിനായുള്ള അഡ്വാന്‍സ് തുകയായാണ് ആദ്യഗഡു പണം വിനിയോഗിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളാണ് കൂടുതല്‍ പേരും യാത്ര റദ്ദാക്കാന്‍ കാരണം. ചിലര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും ഉണ്ട്. ഈ വര്‍ഷം ഹജ്ജ് സബ്സിഡി ഒഴിവാക്കിയതിനാല്‍ തീര്‍ഥാടനത്തിന് ചെലവ് കൂടും. കേരളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് 69,783 പേരാണ് അപേക്ഷിച്ചിരുന്നത്.
എന്നാല്‍, കേരളത്തിന് ലഭിച്ച ഹജ്ജ് ക്വാട്ട 10,981 മാത്രമാണ്. ഇവരില്‍ എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരും ഒരു സഹായിയും ഉള്‍പ്പടെ 1270 പേര്‍ക്കും, 45 വയസ് കഴിഞ്ഞ മെഹ്റമില്ലാതെ പോകാന്‍ അപേക്ഷിച്ച 1124 പേര്‍ക്കും നേരിട്ട് അവസരം ലഭിച്ചു. 8587 പേര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് അവസരം ലഭിച്ചത്. അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. 4 പേരടങ്ങുന്ന സംഘമായി മെഹ്റമില്ലാതെ തീര്‍ഥാടനത്തിന് അനുമതി നല്‍കിയതാണ് സ്ത്രീകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. യാത്ര റദ്ദാക്കിയവരിലും കൂടുതല്‍ സ്ത്രീകളാണ്.
യാത്ര റദ്ദാക്കിയവരുടെ വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സമയബന്ധിതമായി കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. യാത്ര റദ്ദാക്കുന്ന സീറ്റിലേക്കുള്ള തീര്‍ഥാടകരെ പിന്നീട് കണ്ടെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 8000 ലേറെ പേര് ഇതിനകം ആദ്യഗഡു പണം അടച്ചിട്ടുണ്ട്.
എസ്.ബി.ഐയിലോ യൂനിയന്‍ ബാങ്കിലോ ബാങ്ക് റഫറന്‍സ് ഉപയോഗിച്ച് പണം അടച്ച് പേ-ഇന്‍ സ്ലിപ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും സഹിതമാണ് 12 നുള്ളില്‍ കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."