അനധികൃത തെരുവുകച്ചവടത്തിനെതിരേ വ്യാപാരികള്‍ പ്രതിഷേധച്ചന്ത സംഘടിപ്പിച്ചു
മഞ്ചേരി: നഗരത്തില്‍ അനിയന്ത്രിതമായി തുടരുന്ന തെരുവുകച്ചവടത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസ്സന്‍കോയ വിഭാഗം) മഞ്ചേരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ പ്രതിഷേധചന്ത നടത്തി. മഞ്ചേരി സീതീ ഹാജി ബസ്സ്റ്റാന്റ് പരിസരത്ത് മുപ്പതിലേറെ കുുടിലുകള്‍ കെട്ടിയായിരുന്നു പ്രതിഷേധ കച്ചവടം. പച്ചക്കറികള്‍, പഴങ്ങള്‍, പച്ച മത്സ്യം, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍ തുടങ്ങി വിവിധ ഇനം വസ്തുക്കള്‍ പ്രതിഷേധ സൂചകമായി വ്യാപാരികള്‍ വിറ്റഴിച്ചു.
തെരുവുകച്ചവടം നിയന്ത്രിച്ചില്ലെങ്കില്‍ കുടില്‍ കെട്ടിയുള്ള ഈ പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പുനല്‍കി. തെരുവുകച്ചവടത്തിനെതിരേ നടപടിയാവശ്യപ്പെട്ട് നേരത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ഏറനാട് തഹസില്‍ദാര്‍, മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി വ്യാപാരികള്‍ തെരുവിലേക്കിറങ്ങിയത്.
സംസ്ഥാന പ്രസിഡന്റ് ഹസന്‍കോയ ഉദ്ഘാടനം ചെയ്തു. നിയമപ്രകാരം തെരുവുകച്ചവടക്കാരെ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ ഹനീഫ് ഹാജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.കെ ചെറി, സെക്രട്ടറി മുഹ്മദ് കുട്ടി റാബിയ, പ്രമോദ് അരിയല്ലൂര്‍, ബാബു കാരശ്ശേരി , നാസര്‍, മാനുഹാജി, സലീം അപ്‌സര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."