ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ജൂണ്‍ മൂന്നിന് തുടങ്ങും
മഞ്ചേരി: ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വിചാരണ ജൂണ്‍ മൂന്നിനു തുടങ്ങും. ഏറണാകുളം സ്വദേശി ചന്ദ്രശേഖരന് നായര്‍ മകന് വിനോദ്കുമാറി(53)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ജസീന്ത ജോര്‍ജ് (62), മുഹമ്മദ് യൂസുഫ് (52) എന്നിവരുടെ വിചാരണയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നത്.
ഏറണാകുളം സ്വദേശിയും വളാഞ്ചേരിയില്‍ കുടുംബവുമൊത്ത് വാടക വീട്ടില്‍ താമസിച്ചുവരികയുമായിരുന്ന വിനോദ്കുമാറിനെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. 2015 ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഒക്ടോബര്‍ പതിനൊന്നിനു തന്നെ വളാഞ്ചേരി സി.ഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികളെ അറസ്റ്റുചെയ്തിരുന്നു. ജില്ലാ കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും കേസില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് കേസില്‍ പ്രധാനം. 72 സാക്ഷികളാണ് ആകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."