ശുചിത്വസമ്മാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ
പെരിന്തല്‍മണ്ണ: ആകര്‍ഷകമായ ശുചിത്വ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ. ജീവനം പദ്ധതിയാരംഭിച്ച ആദ്യഘട്ട 12 വാര്‍ഡുകളില്‍ ശുചിതാകാര്‍ഡ് എടുത്ത് പദ്ധതിയില്‍ അംഗമായവര്‍ക്ക് വേണ്ടിയാണ് ശുചിത്വ സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശുചിത്വ പദ്ധതിയില്‍ ചേര്‍ന്ന വീടുകളില്‍ യൂസര്‍ ഫീ പിരിക്കുന്ന ഘട്ടത്തില്‍ ഓരോ വീടുകള്‍ക്കും 'ജീവനം സൂപ്പര്‍വൈസര്‍മാര്‍ സമ്മാനകൂപ്പണ്‍ നല്‍കും'.
മാര്‍ച്ച് മാസത്തില്‍ നറുക്കെടുപ്പ് നടത്തുകയും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയവും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് അരപ്പവന്‍ സ്വര്‍ണനാണയവും മൂന്നാം സ്ഥാനത്തിന് ഡിന്നര്‍ സെറ്റും നല്‍കും.
വിവിധ പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കും. ജീവനം ശുചിത്വ പദ്ധതിയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മാന പദ്ധതിക്ക് തുടക്കമിടുന്നത്. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ശുചിത്വ കൗണ്‍സിലിലാണ് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ശുചിത്വ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക്ക് സഞ്ചികളുടെ അമിതോപയോഗം തടയുന്നതിന് വേണ്ടി ഓരോ വീടുകളിലും പ്രത്യേകം തയാറാക്കിയ സഞ്ചികള്‍ നല്‍കാനും തീരുമാനമായി.
ശുചിത്വ പദ്ധതിയില്‍ ചേര്‍ന്ന എല്ലാ വീട്ടുകള്‍ക്കും സൗജന്യമായിട്ടാണ് ഈ സഞ്ചികള്‍ നല്‍കുന്നത്. വീട്ടുകാര്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് ഈ സഞ്ചികള്‍ ഉപയോഗിക്കാം. നഗരസഭ പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പോടെയാണ് സഞ്ചികള്‍ വീടുകള്‍ക്ക് നല്‍കുന്നത്.സഞ്ചികള്‍ ജീവനം സൂപ്പര്‍വൈസര്‍മാര്‍ വീടുകളിലെത്തിക്കും. സഞ്ചിയുടെയും സമ്മാനക്കൂപ്പണുകളുടെയും വിതരണോദ്ഘാടനം നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീം ജീവനം സൂപ്പര്‍വൈസര്‍ യു.പിആയിഷക്ക് നല്‍കി നിര്‍വഹിച്ചു.
മാര്‍ച്ചില്‍ 12 വാര്‍ഡുകളിലെ ആദ്യഘട്ട ശുചിത്വ ദൗത്യം പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ ജനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനും വേണ്ട പരിപാടികള്‍ കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നഗരസഭാധ്യക്ഷന്‍ സംസാരിച്ചു.ശുചിത്വ കൗണ്‍സിലില്‍ നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍ രാജ് അധ്യക്ഷയായി.
സ്ഥിരസമിതി അധ്യക്ഷന്മാരായ പത്തത്ത് ആരിഫ്, എ രതി കൗണ്‍സിലര്‍മാരായ ജംനാബിന്‍ത്, ഹന്ന ടീച്ചര്‍, ലക്ഷ്മി കൃഷ്ണന്‍, റജീന ഷൈജല്‍, നാസര്‍ കുട്ടി, നസീറ, മൈമൂന, ഹുസൈന നാസര്‍, അരുണ്‍ ഇ.പി, അലീന മറിയം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കുഞ്ഞിമുഹമ്മദ്, ഓവര്‍സിയര്‍ സി.പി ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."