കേരള സര്‍വകലാശാല: വി.സി നടത്തിയ നിയമനങ്ങള്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ്ചാന്‍സിലറുടെ പ്രൈവറ്റ് സെക്രട്ടറി പി.എന്‍ ഷാജി ഉള്‍പ്പെടെ വൈസ് ചാന്‍സിലര്‍ പി.കെ രാധാകൃഷ്ണന്‍ നിയമിച്ച നാല് കരാര്‍ നിയമനങ്ങളും റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ്ചാന്‍സിലറുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. 2017 ഒക്ടോബര്‍ 31നാണ് സര്‍വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാറും വൈസ് ചാന്‍സിലറുടെ പ്രൈവറ്റ് സെക്രട്ടറിയുമായ പി.എന്‍ ഷാജി വിരമിക്കേണ്ടിയിരുന്നത്.
വിരമിക്കുന്നതിന് 15 ദിവസം മുന്‍പ് പ്രൈവറ്റ് സെക്രട്ടറിയെ വൈസ് ചാന്‍സിലര്‍ ജോയിന്റ് രജിസ്ട്രാറായി സ്ഥാനക്കയറ്റം നല്‍കി. ജോയിന്റ് രജിസ്ട്രാര്‍ തസ്തികയിലേക്ക് രണ്ട് ഒഴിവുകള്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പട്ടികയിലെ മൂന്നാംപേരുകാരനായ പ്രൈവറ്റ് സെക്രട്ടറിക്ക് പെന്‍ഷന്‍ പറ്റുംമുന്‍പ് സ്ഥാനക്കയറ്റം നല്‍കണമെങ്കില്‍ സീനിയോറിറ്റിയില്‍ ഒന്നും രണ്ടും സ്ഥാനമുളളവരില്‍ ആരെങ്കിലും ഒരാള്‍ മാറി നില്‍ക്കണം.
സീനിയോറിറ്റി ലിസ്റ്റ് മറികടന്ന് മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കില്‍ ഒരാള്‍ കുറഞ്ഞത് മൂന്നുമാസത്തേക്കെങ്കിലും അവധിയില്‍ പോകണമെന്നതാണ് ചട്ടം. സീനിയോറിറ്റിയില്‍ പി.എന്‍ ഷാജിയുടെ മുന്നില്‍നിന്ന കാര്യവട്ടം കാംപസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ദീലിപിന് മൂന്നുമാസത്തെ അവധി നല്‍കുകയും ഒഴിവുവന്ന സ്ഥാനത്തേക്ക് പി.എന്‍ ഷാജിക്ക് സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.
15 ദിവസത്തെ ജോയിന്റ് രജിസ്ട്രാര്‍ സേവനത്തിനുശേഷം സര്‍വിസില്‍നിന്ന് വിരമിച്ച പ്രൈവറ്റ് സെക്രട്ടറിയെ അതേ തസ്തികയില്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും നിയമിച്ചു. സിന്‍ഡിക്കേറ്റില്‍ വന്നാല്‍ എതിര്‍പ്പുണ്ടാകുമെന്ന് കണ്ട് ശമ്പളം അടക്കമുള്ളവ കുറച്ചാണ് നല്‍കിയത്. കൂടാതെ മറ്റു മൂന്നുപേരെയും കരാര്‍ വ്യവസ്ഥയില്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷവും തുടരാന്‍ അനുവദിച്ചു. ഇത് ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരികയും ഭൂരിപക്ഷ അഭിപ്രായത്തെതുടര്‍ന്ന് നിയമനം റദ്ദാക്കുകയുമായിരുന്നു.
അതേസമയം വിരമിച്ചതിനുശേഷം പ്രൈവറ്റ് സെക്രട്ടറിയായി പി.എന്‍ ഷാജിയെ തുടരാന്‍ അനുവദിച്ചത് കരാര്‍ അടിസ്ഥാനത്തിലുള്ള ശമ്പളത്തിലാണെന്നും ഇതിനായി സിന്‍ഡിക്കേറ്റ് യോഗം നേരത്തെ അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും വി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റില്‍ പ്രൈവറ്റ് സെക്രട്ടറി നിയമനം മാത്രം റദ്ദാക്കണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും അങ്ങനെയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സര്‍വിസില്‍നിന്നു വിരമിച്ച എല്ലാവരുടെ നിയമനങ്ങളും റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."