കരകൗശല വിദഗ്ധര്‍ക്കുള്ള ഗ്രാന്റ് വിതരണം തടസപ്പെട്ടു
മലപ്പുറം: മാസങ്ങള്‍ പിന്നിട്ടിട്ടും കരകൗശല വിദഗ്ധര്‍ക്കുള്ള ഗ്രാന്റ് വിതരണം തുടങ്ങിയില്ല. പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന പിന്നോക്ക വിഭാഗത്തിലെ വിശ്വകര്‍മ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്കുള്ള പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിയാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും നടക്കാതിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക സമുദായ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാനുകൂല്യം ലഭിക്കുന്നതിനായി ജില്ലയില്‍നിന്നുമാത്രം അയ്യായിരത്തിലധികം പേരാണ് അപേക്ഷ നല്‍കിയത്. കരകൗശല വിദഗ്ധര്‍ക്കു നൈപുണ്യ വികസന പരിശീലനത്തിനു പുറമേ, വിവിധതരം പണിയായുധങ്ങള്‍ വാങ്ങുന്നതിനാണ് ഗ്രാന്റ് അനുവദിക്കുന്നത്. പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റിനു പുറമേ, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിലും ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നു.
ജില്ലയുള്‍പ്പെടുന്ന കോഴിക്കോട് മേഖലാ ഓഫിസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതു കാരണമാണ് ആനുകൂല്യ വിതരണം വൈകുന്നതെന്നാണ് വിവരം. മലപ്പുറത്തിനു പുറമേ തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഓഫിസ് പരിധിയിലാണ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."