ഇവിടെ കണ്ണട, അവിടെ ചായ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ചായക്കായി ചെലവഴിച്ചത് 68 ലക്ഷം !
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫിസിനെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ 'കണ്ണട ചെലവുകള്‍' വെറും സില്ലി മാറ്റര്‍. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് അധികാരമേറ്റ് പത്ത് മാസത്തിനിടെ അദ്ദേഹത്തിന്റെ ഓഫിസ് ചായക്കും ലഘു ഭക്ഷണത്തിനുമായി ചെലവഴിച്ചത് 68 ലക്ഷം രൂപ.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജനുവരി 22 വരെ ചെലവായ തുകയുടെ വിവരം വിവരാവകാശപ്രകാരമാണ് ലഭ്യമായത്. 2017 മാര്‍ച്ച് 18ന് അധികാരമേറ്റ ബി.ജെ.പിയുടെ മുഖ്യമന്ത്രി 10 മാസത്തിനിടെ ചെലവഴിച്ചത് 68,59,865 രൂപയാണെന്ന് ഉത്തരാഖണ്ഡ് അഡിഷനല്‍ സെക്രട്ടറി വിനോദ് റാത്തൂരി നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നുണ്ട്. ഈ തുകയനുസരിച്ച് ഒരു ദിവസം ചെലവായത് ഏകദേശം 22,000 രൂപയാണ്.
ചായക്കും ലഘു ഭക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 50,38,880 രൂപയിലധികവും ഓഫിസില്‍ നിന്ന് 16,53,089 രൂപയിലധികവുമാണ് ചെലവായത്. ചായക്കും ലഘുഭക്ഷണത്തിനുമായി ഇത്രയും തുക ചെലവഴിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ ദര്‍ശന്‍ റാവത്ത് പറഞ്ഞു.
സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ചായയും ലഘു ഭക്ഷണവും നല്‍കുന്നുണ്ട്. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് വളരെ നിയന്ത്രിതമായ തുക മാത്രമാണ് ഇപ്പോള്‍ ചെലവായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ പരിപാടികള്‍ ഹോട്ടലുകളില്‍ സംഘടിപ്പിക്കാറില്ലെന്ന് വിനോദ് റാത്തൂരി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് 2014 ഫെബ്രുവരിക്കും 2016 ജൂലൈ വരെയുമുള്ള കാലയളവില്‍ 1.5 കോടിയാണ് ചായ, ലഘു കടി ഇനത്തില്‍ ചെലവഴിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അമിത ചെലവുകളെ വിമര്‍ശിച്ചിരുന്നു. കൂടാതെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇവരുടെ ചെലവുകളും കുതിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."