ദേശീയ സീനിയര്‍ വോളി ചാംപ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ ലോഗോ പ്രകാശനം ചെയ്തു. ടൈറ്റില്‍ സ്‌പോണ്‍സര്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനാണ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോഗോ പ്രകാശനം ചെയ്തത്. 21 മുതല്‍ 28 വരെയാണ് കോഴിക്കോട് സ്വപ്ന നഗരിയില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളം ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്. ചാംപ്യന്‍മാര്‍ക്ക് ഗോകുലം കപ്പ് സമ്മാനിക്കും. 20ന് വൈകിട്ട് അഞ്ചിന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വോളി ചാംപ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം കേരളത്തിന് ആദ്യ ദേശീയ കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണം നടത്തും. ജിമ്മി ജോര്‍ജ് ഉള്‍പ്പടെ നിരവധി താരങ്ങളെ കണ്ടെത്തിയ അച്യുതക്കുറുപ്പിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് 18ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാജ്യത്തിന് വേണ്ടി കളിച്ച സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന വോളി താരങ്ങളെയും ആദരിക്കും. സീനിയര്‍ താരങ്ങള്‍ക്ക് പ്രിവിലേജ് കാര്‍ഡുകളും സമ്മാനിക്കും. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് എക്‌സ്‌പോ ഉള്‍പ്പടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ കീഴിലുള്ള താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ഐ.പി.എല്‍, ഐ.എസ്.എല്‍ മാതൃകയില്‍ കേരള വോളി ലീഗ് (കെ.വി.എല്‍) തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും ചാംപ്യന്‍ഷിപ്പിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ പ്രൊഫ. നാലകത്ത് ബഷീര്‍ പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ പി.വി ഫൈസല്‍, ചാര്‍ളി ജേക്കബ്, ആര്‍. ബിജുരാജ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മുന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 28 പുരുഷ ടീമുകളും 26 വനിത ടീമുകളും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."