ആറളം ഫാം തൊഴിലാളികളുടെ സമരം തീര്‍ക്കണം: പാച്ചേനി
കണ്ണൂര്‍: ആറളം ഫാം തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്തത് കൊണ്ട് നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് ഇച്ഛാശക്തി കാണിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. മൂന്നു മാസമായി ശമ്പളം ലഭിക്കാതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള 700 ഓളം തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലേക്ക് കടന്നുപോവുകയാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ സമയാസമയങ്ങളില്‍ ഇടപെട്ടിരുന്നു. ഏഴു മാസത്തോളമായി തൊഴിലാളികള്‍ ദുരിതത്തിലാണ്. 400 ഓളം ആദിവാസികള്‍ മൂന്നു മാസമായി ഒരു വരുമാനവുമില്ലാതെ ദുരിതപൂര്‍വ്വമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. പട്ടിണി മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുപോലും സര്‍ക്കാര്‍ ഇടപെടുന്നില്ല. ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി നിരുത്തരവാദപരമായി പെരുമാറുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം ഉള്‍പ്പെടുന്ന ആറളം ഫാമില്‍ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."