പെരുമ്പാവൂര്‍; കൊലയാളി ആര്?
ജലീല്‍ അരൂക്കുറ്റി
കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി മൃഗീയമായി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതി കാണാമറയത്ത്. തുടക്കം മുതല്‍ വീഴ്ചകളുണ്ടായ കേസില്‍, വിവാദമുണ്ടാകുകയും സമൂഹം ശ്രദ്ധിക്കുകയും ചെയ്തിട്ടും പ്രതിയെ പിടികൂടാന്‍ പൊലിസിനു സാധിച്ചിട്ടില്ല.
പ്രതി ഒരാളാണോ, ഒന്നിലധികം പേരുണ്ടോ, അന്യസംസ്ഥാന തൊഴിലാളിയാണോ, പെണ്‍കുട്ടിക്ക് പരിചയമുള്ള ആളാണോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ട അവസ്ഥയിലാണ്. നിരവധി പേരെ ചോദ്യംചെയ്തിട്ടും പൊലിസ് ഇതുവര യാഥാര്‍ഥ പ്രതിയിലേക്കെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തെ സമരകോലാഹലങ്ങള്‍ കെട്ടിടങ്ങിയെങ്കിലും പെണ്‍കുട്ടിയുടെ ഘാതകനു വേണ്ടിയുള്ള മുറവിളി അവസാനിച്ചിട്ടില്ല.
ഏപ്രില്‍ 28ന് വൈകിട്ട് പെരുമ്പാവൂരിലെ ഒറ്റമുറി വീടിനുള്ളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണം മാധ്യമങ്ങളില്‍ ആദ്യം രണ്ടു കോളം വാര്‍ത്തയില്‍ ഒതുങ്ങിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തിനു വലിയ പ്രാധാന്യമാണുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിച്ചിരുന്നതായും പീഡനത്തിനിരയായതായും തെളിഞ്ഞിരുന്നു. വിഷയം സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചു.
വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍വരെ വിഷയത്തില്‍ ഇടപെട്ടു. പെരുമ്പാവൂരില്‍ സമര പരമ്പരകള്‍ അരങ്ങേറി. വിഷയം തെരഞ്ഞടുപ്പ് പ്രചാരണായുധമാക്കാന്‍ മുന്നണികള്‍ മത്സരിച്ചു. കൊലയാളിയെ തേടി ആസാമിലും ബംഗാളിലുംവരെ അന്വേഷണ സംഘമെത്തി. എന്നാല്‍, യഥാര്‍ഥ കൊലയാളിയെ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും പൊലിസ് കാണിച്ച തിടുക്കം സംശയത്തിനിടയാക്കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പീഡനം നടന്നതായി പൊലിസിനെ അറിയിച്ചിരുന്നു. മൃതദേഹം ദഹിപ്പിക്കരുതെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിട്ടും പൊലിസിടപെട്ടു ദഹിപ്പിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയിട്ടും വീട് സീല്‍ ചെയ്യാന്‍ തയാറായില്ല. ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടാല്‍ തഹസില്‍ദാര്‍, ആര്‍.ഡി.ഒ എന്നിവരെ വിവരമറിയിക്കണമെന്ന ചട്ടവും പാലിച്ചില്ല.
പുതിയ മന്ത്രിസഭ ആദ്യ അന്വേഷണ സംഘത്തെ മാറ്റുകയും എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയമിക്കുകയും ചെയ്തിരിക്കുകയാണ്. പുതിയ സംഘം അന്വേഷണം ഒന്നില്‍നിന്ന് ആരംഭിച്ചിരിക്കുന്ന ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണം വേണ്ടെന്നും വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രി വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."