ഇന്തോ-സഊദി സാംസ്‌കാരിക സംഗമഭൂമിയാകാന്‍ ജനാദിരിയ്യ സജ്ജം
റിയാദ്: ഇന്ത്യയുടെയും സഊദിയുടെയും പൈതൃകത്തെയും സംസ്‌കാരത്തെയും ഊട്ടിയുറപ്പിച്ചു കൊണ്ടുള്ള സഊദി ദേശീയ പൈതൃകോത്സവം ജനാദിരിയ്യക്ക് ഇന്നു കൊടിയുയരും. അമൂല്യ പാരമ്പര്യമുള്ള അറബ്, ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാകുന്ന ജനാദിരിയ്യയില്‍ 32-ാമത് ദേശീയ പൈതൃകോത്സവത്തിനാണ് ഇന്നു വൈകിട്ടു നാലിനു തിരശ്ശീല ഉയരുക. ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം തന്നെ ഇന്ത്യയുടെ സാന്നിധ്യമാണ്. അതിഥി രാജ്യമായാണ് ഇന്ത്യ ഈ വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
വൈകീട്ടു നാലിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ സ്വബാഹ് എന്നിവര്‍ പങ്കെടുക്കും. നഗരിയിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന പൊതുസ്റ്റേജില്‍ സല്‍മാന്‍ രാജാവും സുഷമാ സ്വരാജും സംസാരിക്കും. തുടര്‍ന്ന് സഊദിയുടെയും ഇന്ത്യയുടെയും കലാരൂപങ്ങള്‍ അവതരിപ്പിക്കും. റിയാദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കലാരൂപങ്ങള്‍ അവതരിപ്പിക്കുക.
തുടര്‍ന്ന് ഒട്ടകയോട്ട മത്സരത്തിനുശേഷം പ്രതിനിധികള്‍ ഇന്ത്യയുടെയും സഊദിയുടെയും പവലിയനുകള്‍ സന്ദര്‍ശിക്കും. നാളെ മുതലാണു പൊതുജനങ്ങള്‍ക്ക് ഫെസ്റ്റിവല്‍ സന്ദര്‍ശനം അനുവദിക്കുക. അതിഥിരാജ്യമായ ഇന്ത്യക്കു പുറമെ ഇന്തോനേഷ്യ, അള്‍ജീരിയ, സ്‌പെയിന്‍, ബ്രസീല്‍, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ എത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്, അംബാസഡര്‍ അഹ്മദ് ജാവേദ്, സഊദി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വെള്ളിയാഴ്ച സുഷമ ഇന്ത്യയിലേക്കു തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."