പയ്യന്നൂര്‍ നഗരത്തില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക്ക് സഞ്ചിക്ക് നിരോധനം
പയ്യന്നൂര്‍: പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ്ണ നിരോധനമെന്ന ലക്ഷ്യത്തിലേക്ക് പയ്യന്നൂര്‍ മാറുന്നു. ഇന്ന് മുതല്‍ നഗരത്തില്‍ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കാരിബോഗുകള് പൂര്‍ണ്ണമായും നിരോധിച്ചു. നഗരസഭയും വ്യാപാരികളും സംയുക്തമായി സ്വീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ പ്ലാസ്റ്റിക്ക് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
പയ്യന്നൂരിനെ പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയെന്ന ലക്ഷ്യമാണ് നഗരസഭക്ക് . ഇതിന്റെ മുന്നോടിയായി ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കിയിരുന്നു.
ഹോട്ടലുകളില്‍ നിന്നും പാര്‍സല്‍ വാങ്ങാനെത്തുന്നവര്‍ ടിഫിന്‍ ബോക്സ് കൊണ്ടു വന്നാല്‍ പത്ത് ശതമാനം കിഴിവും വ്യാപാര സ്ഥാപനങ്ങളില്‍ തുണി സഞ്ചിയുമായി എത്തുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രതീക്ഷിച്ച വിജയം നേടിയതാണ് നഗരസഭക്ക് ആത്മവിശ്വാസം നല്‍കിയത്.
പ്ലാസ്റ്റിക്ക് കാരി ബേഗുകള്‍ ഒഴിവാക്കണമെന്ന് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ബേഗുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."