പെട്രോള്‍-ഗ്യാസ് ഏജന്‍സി തൊഴിലാളി സമരം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയും പരാജയം
കണ്ണൂര്‍: കണ്ണൂരിലെ പെട്രോള്‍-ഗ്യാസ് ഏജന്‍സി തൊഴിലാളി പണിമുടക്ക് ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ എ.ഡി.എം മുഹമ്മദ് യൂസുഫിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയും ഫലം കാണാതെ പിരിഞ്ഞു. ഇരവിഭാഗവും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ ഉറച്ചു നില്‍ക്കുകയാണ്. 600 രൂപയായി കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ വാദം. പലരും പലവിധത്തില്‍ കൂലിനല്‍കി വരികയാണ്. വര്‍ധനവ് വലിയ ബാധ്യതയാകും. ഇനിയും വര്‍ധിപ്പിച്ചാല്‍ തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ഉടമകള്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തിനെതിരേ കോടതിയെ സമീപിക്കുകയാണ് ഉടമകള്‍ ചെയ്തതെന്നും കൂലി വര്‍ധിപ്പിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും തൊഴിലാളികള്‍ക്കു വേണ്ടി സംസാരിച്ച സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി സഹദേവന്‍ പറഞ്ഞു. ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ ഉടമകള്‍ ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, സമരം നടത്തരുതെന്ന ഹൈക്കോടതി വിധിക്കെതിരേ തൊഴിലാളി സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി വിശദീകരണം ചോദിച്ചിരിക്കുകയാണ്. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളുടെയും 38 പാചക വാതക വിതരണ കേന്ദ്രങ്ങളും ഇന്നലെയും പ്രവര്‍ത്തനം തടസപ്പെട്ടു. സമരം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതത്തെ ഇതു സാരമായി ബാധിക്കും. ബസ് ഉള്‍പ്പെടെയുള്ളവയുടെ സര്‍വീസിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കു വേണ്ടി എ പ്രേമരാജന്‍, പി ചന്ദ്രന്‍, പി സൂര്യദാസ്, വി രാജന്‍, പി കുഞ്ഞികൃഷ്ണന്‍, പി കൃഷ്ണന്‍, കണ്ണൂര്‍ ഡിസ്ട്രിസ്റ്റിക് പെട്രോളിയം ഡീലേഴ്‌സ് അസോ.ഭാരവാഹികളായ മുഹമ്മദ് വായോളി, കെ.വി രാമചന്ദ്രന്‍, എ.വി ബാലകൃഷ്ണന്‍, കെ.പി ശിവാനന്ദന്‍, രജിത് രാജരത്‌നം, എല്‍.പി.ജി ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍ ഭാരവാഹികളായ ടി.ആര്‍ ഗോപി, എം ജകൃഷ്ണന്‍, പി ദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."