നിയമസഭയില്‍ ഒരു പാലമിട്ടാല്‍
ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കണം. അതാണു നാട്ടുനടപ്പ്. അതു നിയമസഭയിലായാലും വേണം. ഇന്നലെ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തികത്തട്ടിപ്പ് ആരോപണത്തിന്റെ പേരില്‍ അനില്‍ അക്കര സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മര്യാദ പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
ഒരു മുന്‍ കേന്ദ്രപ്രവാസികാര്യ മന്ത്രിയുടെ മകന്റെ പേരില്‍ ഇതുപോലെ ആരോപണമുയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ് അതു നിയമസഭയില്‍ ചര്‍ച്ചയാക്കിയിട്ടില്ല. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണവും ചര്‍ച്ചയാക്കിയിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ എന്നിവരുടെ മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും സഭയില്‍ ഒന്നും പറഞ്ഞിട്ടില്ല.
മറ്റൊരു രാജ്യത്തുള്ള കേസിനെക്കുറിച്ചും സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. ഇതാണു മര്യാദയെങ്കിലും പ്രതിപക്ഷം മാധ്യമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമുതലെടുപ്പു നടത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
പ്രമേയത്തില്‍നിന്നു പിന്മാറണമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അനിലിനോട് അഭ്യര്‍ഥിച്ചു. ഇതു സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല. മാത്രമല്ല നേരത്തെ പ്രതിപക്ഷനേതാവ് സബ്മിഷനായി ഈ വിഷയം കൊണ്ടുവന്നിട്ടുമുണ്ടെന്നു സ്പീക്കര്‍ പറഞ്ഞു.
എന്നാലും പിന്മാറില്ലെന്നായി അനില്‍. ചൈനയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ചര്‍ച്ചയായ വിഷയമാണിത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനേതാവിന്റെ മകനുമായി ബന്ധപ്പെട്ടതായതിനാല്‍ ഇതു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മറ്റു രണ്ടു സഭാംഗങ്ങളുടെ മക്കള്‍ക്കെതിരെയും ദുബായില്‍ സമാനമായ തട്ടിപ്പു കേസുകളുണ്ടെന്ന് അനിലും ഇ.പി ജയരാജന്റെയും വിജയന്‍പിള്ളയുടെയും മക്കളുടെ പേരിലാണെന്ന് ഒരു പത്രത്തിലുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞപ്പോള്‍ ക്ഷുഭിതനായി ഇ.പി ജയരാജന്‍ എഴുന്നേറ്റു.
ഭരണപക്ഷം ബഹളവും തുടങ്ങി. അതിനെതിരേ പ്രതിപക്ഷാംഗങ്ങളും ശബ്ദമുയര്‍ത്തിയപ്പോള്‍ സഭ ബഹളത്തില്‍ മുങ്ങി. തന്റെ മകന്‍ അവിടെ അത്തരം തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നു ജയരാജന്‍. ബിസിനസിന്റെ ഭാഗമായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനു മകന്‍ ചെക്ക് കൊടുത്തിരുന്നു. അദ്ദേഹം അതു ബങ്കില്‍ നിക്ഷേപിച്ചു കാശെടുത്തു. പകരം രാമചന്ദ്രന്റെ മകളുടെ പേരില്‍ തന്ന ചെക്ക് മടങ്ങി. അവരിപ്പോള്‍ ജയിലിലാണ്. സഭയില്‍ നെറികേടുകള്‍ പറയുന്നതിന് അതിരുവേണമെന്നും ജയരാജന്‍.
ആരുടെയും മക്കള്‍ ബിസിനസ് നടത്തുന്നതിനു തങ്ങള്‍ എതിരല്ലെന്നും ഇവിടെ ധാര്‍മികതയുടെ പ്രശ്‌നമുള്ളതുകൊണ്ടാണു ചര്‍ച്ച വേണമെന്നു പറയുന്നതെന്നും ചെന്നിത്തല പറഞ്ഞപ്പോള്‍, പഴയ ഒരു കഥ കെ. മുരളീധരന്‍ ഓര്‍മിപ്പിച്ചു. തനിക്കൊരു പെട്ടിക്കടപോലുമില്ലാതിരുന്ന കാലത്ത് എലൈറ്റ് ഹോട്ടല്‍ ഉടമ താനാണെന്ന് ഇടതുപക്ഷം പ്രചരിപ്പിച്ചിട്ടുണ്ടെന്നു മുരളീധരന്‍. പണ്ട് കെ. കരുണാകരന്റെ വീട്ടില്‍ മഹാഭാരതം ചന്ദനത്തടിയില്‍ കൊത്തിവച്ചിട്ടുണ്ടെന്ന് അന്തരിച്ച സി.പി.ഐ നേതാവ് വി.കെ രാജന്‍ ആരോപിച്ചത് ചെന്നിത്തലയും സഭയെ ഓര്‍മിപ്പിച്ചു.
എം.കെ മുനീര്‍ ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തുമ്പോള്‍ സി.കെ നാണുവിന്റെ ഇടപെടല്‍. നേതാക്കളുടെ മക്കള്‍ റൗഡികളോ കൊലയാളികളോ ഒക്കെയാവുന്നത് സ്വാഭാവികം. അതൊക്കെ സഭയില്‍ ചര്‍ച്ചയാക്കി എന്തിനു നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതെന്നു നാണുവിന്റെ ചോദ്യം.
യു.ഡി.എഫിന്റെ ഒരുപാടു നേതാക്കളെ ഇടതുപക്ഷം വ്യക്തിഹത്യ ചെയ്തിട്ടുണ്ടെന്നു മുനീറിന്റെ മറുപടി. അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍, ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നു തോന്നാത്തതിനാല്‍ തന്റെ പാര്‍ട്ടി ഇറങ്ങിപ്പോകുന്നില്ലെന്നു കെ.എം മാണി.
കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പു തോല്‍വിയുണ്ടാകുന്നതിന്റെ പേരില്‍ ഇടതുപക്ഷം ഇങ്ങനെ വിമര്‍ശിച്ചുകൊണ്ടിരിക്കേണ്ട കാര്യമെന്തെന്നു ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. തോല്‍പിച്ച ജനങ്ങളൈ കുറ്റപ്പെടുത്തുന്ന രീതി കോണ്‍ഗ്രസിനില്ല.
തോല്‍വിക്ക് എന്തെങ്കിലും കാരണങ്ങളുണ്ടാകുമെന്നു മനസിലാക്കി അതു തിരുത്തുകയാണ് പതിവ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് വാര്‍ത്തയല്ല. എന്നാല്‍, 34 വര്‍ഷം ഭരിച്ച സി.പി.എം തോല്‍ക്കുന്നത് വാര്‍ത്തയാണ്. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബി.ജ.പി ആയതിനാല്‍ ദേശീയതലത്തില്‍ സി.പി.എമ്മിന്റെ തോല്‍വി പോലും തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."