ഫാത്തിമ ടീച്ചര്‍ വിവര്‍ത്തനം ചെയ്യുകയാണ്
പാലക്കാട്: മലയാളത്തിലെ പ്രശസ്തമായ സാഹിത്യ കൃതികള്‍ തമിഴിലേക്ക് മൊഴിമാറ്റി വായനക്കാരിലേക്ക് നല്‍കുകയാണ് കോളജ് അധ്യാപികയായായ ഫാത്തിമ ടീച്ചര്‍. പത്രപ്രവര്‍ത്തകനും, പ്രവാസിയുമായ ഹബീസി രചിച്ച മലയാളത്തിലെ സയന്‍സ്ഫിക്ഷന്‍ നോവലാണ് 'അസമയം.' കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലായ അസമയം ഇറങ്ങിയ ഉടന്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റിയിരുന്നു.
ചിറ്റൂര്‍ ഗവ. കോളേജിലെ തമിഴ് വിഭാഗം അസി.പ്രഫസറായ ഫാത്തിമ ടീച്ചര്‍ അട്ടപ്പാടിയിലെ ഗവ.കോളജില്‍ അധ്യാപികയായിരിക്കുമ്പോഴാണ് അസമയം എന്ന നോവല്‍ വായിക്കാനിടയായത്. വായിച്ചു കഴിഞ്ഞപ്പോള്‍ തമിഴില്‍ സയന്‍സ് ഫിക്ഷന്‍ നോവലുകള്‍ വളരെ കുറവേയുള്ളുവെന്നതിനാലാണ് ഈ നോവല്‍ അവിടത്തെ വായനക്കാര്‍ക്ക് പരിചയപെടുത്തണമെന്ന് തോന്നിയത്.
റോബോട്ടുകള്‍വാഴുന്ന ലോകത്ത് മനുഷ്യന് വിലയില്ലാതാവുകയും, ബന്ധങ്ങള്‍ അസ്തമിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീന്‍ തെറാപ്പി മനുഷ്യനില്‍ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ജീവന്റെ നിര്‍മാണമാണ് നടന്നു വരുന്നത്. അചേതന വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത പുതിയ ജീവികളെ സൃഷ്ടിക്കാന്‍ കഴിയുന്ന അവസ്ഥ. മനുഷ്യന്‍ ലാബോറട്ടറികളില്‍ മനുഷ്യനെ നിര്‍മിക്കുന്ന കാലം വരുമെന്നും നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. കുഞ്ഞുങ്ങളെ സ്ത്രീകള്‍ ഗര്‍ഭത്തില്‍ ചുമക്കണമെന്നത് പഴങ്കഥയായി മാറുന്നു.
പുരുഷനും പ്രസവിക്കാം. കുഞ്ഞുങ്ങള്‍ ലാബുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാലം. മനുഷ്യ ക്ലോണുകള്‍ വന്‍ വ്യവസായമായി മാറുന്ന കാലം. ആഗോളവല്‍കരണം, ഗ്ലോബല്‍ വില്ലേജ്, ജനറ്റിക് റെവല്യൂഷന്‍ കാലം. മനുഷ്യത്വത്തിന് വിലയില്ലാത്ത കാലത്തു ബന്ധങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഇതാണ് ഹബീസി നോവലില്‍ പറഞ്ഞു വെക്കുന്നത്. അതുകൊണ്ട് ആഗോളതലത്തില്‍ എത്തേണ്ടതാണ് ഈ പുസ്തകമെന്നു കരുതുന്നതിനാലാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്താന്‍ താത്പര്യപ്പെട്ടതെന്ന് ഫാത്തിമ ടീച്ചര്‍ പറയുന്നു.
അസമയം എന്ന നോവല്‍ 'അകാലം' എന്നപേരിലാണ് തമിഴ് മൊഴിമാറ്റം നടത്തിയിട്ടുള്ളത്. ആദ്യമായിട്ടാണ് ഒരു നോവല്‍ മൊഴിമാറ്റുന്നത്.
ഇപ്പോള്‍ കോയമ്പത്തൂര്‍ കൊങ്ങുനാട് യൂനിവേഴ്‌സിറ്റിയില്‍ തമിഴ് മലയാളം ഭാഷകള്‍ തമ്മിലെ ബന്ധം എന്ന വിഷയത്തില്‍ പഠനം നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പഠനം നടത്തി വരുന്നു. പട്ടഞ്ചേരി പാറക്കാട്ടുചള്ളയിലെ കര്‍ഷക കുടുംബമാണ് ടീച്ചറുടേത്. കര്‍ഷകനായ ഇ.എം സുലൈമാന്‍- സൗദാമ ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."